ഇതുവരെ
അന്വേഷിച്ചതില്‍ കുറച്ചു കേസുകള്‍ മാത്രമേ എസ്കെ എഴുതി വെച്ചിട്ടുള്ളൂ. പലതും സ്വന്തം
ഓര്‍മ്മയില്‍ ആണ് അദ്ദേഹം സൂക്ഷിച്ചു വെയ്ക്കാറുള്ളത്. എഴുതി രേഖപ്പെടുത്തിയ
കേസുകളാവട്ടെ പലപ്പോഴും അവ്യക്തതകള്‍
നിറഞ്ഞതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരു കേസ് ഡയറിയുടേയോ അല്ലെങ്കില്‍ ഒരു സംഭവ
വിവരണത്തിന്റെയോ രൂപത്തിലല്ല ആ എഴുത്തുകളെല്ലാം . മറിച്ച് പല സംഭവങ്ങളുടേയും
അപൂര്‍ണ്ണമായ വിവരണങ്ങള്‍ ക്രമത്തിലല്ലാതെ എഴുതി വെച്ച രീതിയിലായിരിക്കും. എന്നാല്‍
പല നിഗമനങ്ങളുടേയും ഫലങ്ങള്‍ അതില്‍ പറയുകയും അത് കണ്ടെത്തിയത് എങ്ങിനെയെന്ന്
അതില്‍ വിവരിക്കാതെയിരിക്കുകയും ചെയ്യുമ്പോള്‍ വായിക്കുന്നവര്‍ക്ക് അത് വളരെ
അരോചകമായിത്തീരും. ഇങ്ങിനെയൊക്കെയാണെങ്കിലും വ്യക്തമല്ലാത്ത ആ കുറിപ്പ്
അദ്ദേഹത്തിന് അവ്യക്തമല്ല കേട്ടോ. കാരണം അത് അദ്ദേഹം പിന്നീട്
വിശദീകരിക്കുമ്പോഴാണ് അതില്‍ വിവരണങ്ങള്‍ എല്ലാം ഒളിഞ്ഞു കിടന്നിരുന്നുവെന്ന്
എനിക്ക് മനസ്സിലാവുക. ഒരു കേസ് അദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങിനെയാണ്.
‘വൃദ്ധകളായ
മൂന്ന് സഹോദരികളുടെ കൊലപാതകം. വൈകുന്നേരം അവിടെ എത്തുമ്പോള്‍ ഇന്‍സ്പെക്ടര്‍ വഹാബ് മാവിന്റെ ചുവട്ടില്‍ കാത്തു
നില്ക്കുന്നുണ്ടായിരുന്നു. മാവില്‍ കയ്യൂന്നി പടിഞ്ഞാറോട്ട് തിരിഞ്ഞു നില്ക്കുന്ന
വഹാബിന് അഭിമുഖമായി ഞാന്‍ ചെന്ന് നിന്ന് ഹസ്തദാനം ചെയ്തു. അപ്പുറത്ത് വടക്ക്
ഭാഗത്തായി ഈ കേസില്‍ ഒരു ബന്ധം പോലുമില്ലാത്തയാളെ അലസനായ രാജേന്ദ്രന് എന്ന ഒരു
കോണ്‍സ്റ്റബിള്‍ ചോദ്യം ചെയ്യുന്നുണ്ടായിരുന്നു. മുഖത്തേക്ക് നേരിട്ട് വെയില് ഏല്‍ക്കാതിരിക്കാന്‍
കൈകൊണ്ട് നെറ്റിയില്‍ വട്ടം പിടിച്ചിട്ട് പരുഷഭാവത്തില് ചോദിക്കുന്ന അയാളുടെ നെയിംബോര്‍ഡ്
എനിക്ക് വ്യക്തമായി കാണാമായിരുന്നു. ടൈലര്‍ ആയ വാപ്പാടെ കൈ പിടിച്ചു കരയുന്നുണ്ട് മകന്.
ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ വഹാബ് അയാളെ വിട്ടയച്ചു.’
ഇത്
വായിച്ചപ്പോള്‍ എനിക്ക് മനസ്സിലാവുന്നത് ഇങ്ങിനെയാണ്. വൃദ്ധകളുടെ മരണം
അന്വേഷിക്കാന്‍ എസ്കെ ചെല്ലുന്നു. ഇന്‍സ്പെക്ടര്‍ വഹാബ് പറഞ്ഞത്
അനുസരിച്ചായിരിക്കും അദ്ദേഹം ചെല്ലുന്നത്. അത് കൊണ്ടാണല്ലോ വഹാബ് മാവിന്
ചുവട്ടില്‍ കാത്തു നിന്നത്. കോണ്‍സ്റ്റബിള്‍ രാജേന്ദ്രന് ഒരാളെ ചോദ്യം
ചെയ്യുന്നുണ്ട്. ഈ കോണ്‍സ്റ്റബിളിന്റെ പേര് രാജേന്ദ്രന് എന്ന് എസ്കെ അയാളുടെ നെയിം
ബോര്‍ഡില്‍ നോക്കി വായിച്ചതാവാം. ഇയാള്‍ അലസനാണ് എന്ന് കൂടി എസ്കെ പറയുന്നുണ്ട്
അത് അദ്ദേഹം മനസ്സിലാക്കിയത് എങ്ങിനെയെന്ന് നമുക്കറിയില്ല. കേസില്‍ ബന്ധമില്ലാത്ത
ആളാണ് അപ്പുറത്ത് ഉള്ളത്. കേസില്‍ ബന്ധമില്ല എന്ന് എസ്കെ എങ്ങിനെ മനസ്സിലാക്കി? ചോദ്യം
ചെയ്യപ്പെടുന്നത് ഒരു ടൈലര്‍ ആണോ? ആണെങ്കില്‍ അത് ടൈലര്‍ ആണെന്നും അത് ഒരു
മുസ്ലിമാണെന്നും അടുത്ത് നിന്ന് കരയുന്നത് അയാളുടെ മകനാണെന്നും എസ്കെ
മനസ്സിലാക്കിയിട്ടുണ്ട്. കാര്യം പറഞ്ഞപ്പോള്‍ ഇന്‍സ്പെക്ടര്‍ വഹാബ് അയാളെ
വിട്ടയച്ചു എന്നും പറയുന്നു. അതിനര്‍ത്ഥം ഈ ടൈലര്‍ നിരപരാധിയാണ് എന്ന കാര്യം
തെളിവുകള്‍ സഹിതം എസ്കെ ഇന്‍സ്പെക്ടര്‍ വഹാബിനെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടാവും.
അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാവും വഹാബ് അയാളെ വിട്ടയച്ചിട്ടുണ്ടാവുക.’
ഇതില്‍
നിന്നും കുറച്ചു കാര്യങ്ങള്‍ വായിക്കുന്നവര്‍ക്ക് മനസ്സിലാവുമെങ്കിലും പലതിലും
അവ്യക്തത ഉണ്ട്. ഞാന്‍ ആ കുറിപ്പ് എടുത്തു എസ്ക്കെയുടെ നേരെ നീട്ടി. എന്നിട്ട്
അതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. മാത്രമല്ല ഇങ്ങിനെ
എഴുതി വെയ്ക്കുമ്പോള്‍ കുറച്ചുകൂടി വ്യക്തതമായി കാര്യങ്ങള്‍ എഴുതി വെച്ചുകൂടേയെന്ന് അല്‍പ്പം പരിഭവത്തോടെത്തന്നെ
ഞാന്‍ ചോദിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞു.
“ജാനീ,
കണ്ണുകൊണ്ട് കണ്ട് മനസ്സില്‍ ഉറപ്പിച്ച കാര്യങ്ങള്‍ ആരെങ്കിലും വിവരിക്കുമോ? ആ കുറിപ്പില്‍
കോണ്‍സ്റ്റബിള്‍ രാജേന്ദ്രന് അലസനാണ് എന്ന് ഞാന്‍ എങ്ങിനെ മനസ്സിലാക്കി എന്നാണ്
ജാനി ചോദിക്കുന്നത്. എന്നാല്‍ അയാള്‍ കോണ്‍സ്റ്റബിള്‍ ആയിരുന്നു എന്ന് ഞാന്‍
മനസ്സിലാക്കിയത് എങ്ങിനെയെന്ന് ജാനിയൊട്ടു ചോദിക്കുന്നുമില്ല. അയാളുടെ യൂണിഫോം
കണ്ടിട്ടാണ് ഞാന്‍ ആ കാര്യം മനസ്സിലാക്കിയത് എന്ന് ജാനിക്കറിയാമല്ലോ. പക്ഷേ
അതൊക്കെ വിവരിക്കേണ്ട വല്ല കാര്യവുമുണ്ടോ? അത് കേവല ബുദ്ധിയല്ലേ. അതുപോലെത്തന്നെയാണ്
മറ്റുള്ളവയും ഞാന്‍ കണ്ട് മനസ്സിലാക്കിയത്. പല സംഭവങ്ങളും കൃത്യമായി വീക്ഷിച്ചാല്‍
ഒരു വിവരണത്തിന്റെയും ആവശ്യമില്ലാതെത്തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നമുക്ക്
കഴിയും”
എസ്കെയുടെ
മറുപടിയില്‍ ഞാന്‍ തൃപ്തയല്ല എന്ന് അദ്ദേഹം മനസ്സിലാക്കിയത് കൊണ്ടാവാം മറ്റൊന്നും
ചോദിക്കാതെത്തന്നെ വീണ്ടും പറഞ്ഞു തുടങ്ങി.
“ഇത്തരം
കുറിപ്പില്‍ നിന്ന് യാതൊരു വിവരണവും കൂടാതെ തന്നെ എങ്ങിനെ കാര്യങ്ങള്‍
മനസ്സിലാക്കുന്നു എന്ന് ഞാന്‍ ജാനിക്ക് പറഞ്ഞു തരാം. ആദ്യം ഒരു കടലാസും പേനയും
എടുക്കുക. എന്നിട്ട് ഞാന്‍ പറയുന്നത് പോലെ എഴുതിയെടുക്കുക.”
‘നമ്മള് ഇന്നലെ
ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ എത്തിയപ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. ചെറുപുഷ്പ്പം
സ്കൂളിലെ കുട്ടികളെക്കൊണ്ട് ബസ്സ്സ്റ്റോപ്പിന്റെ ഒരുവശം നിറഞ്ഞിരുന്നു. അയ്യപ്പഭക്തര്‍
കൂട്ടമായി അമ്പലത്തില്‍ നിന്നും തിരിച്ചുവന്ന് മറുവശത്തും കൂടി നിന്നപ്പോള്‍
പരസ്പ്പരം യുദ്ധം ചെയ്യാന്‍ വേണ്ടി അണി നിരന്നു നില്ക്കുന്ന ചതുരംഗപ്പലകയിലെ
കാലാള്‍പ്പടയെ ഓര്‍മ്മിപ്പിച്ചു. ഹോട്ടലിലെ ടെലിവിഷന്‍ മുമ്പില്‍ തമിഴന്മാരായ
സ്വാമിമാര്‍ തടിച്ചു കൂടിയിരിക്കുന്നു. മരണാസന്നയായ അവരുടെ മുഖ്യമന്ത്രി ജയലളിതയെ
കുറിച്ചാണ് ചാനലില്‍ സായാഹ്ന ചര്‍ച്ച. പടിഞ്ഞാറ് ഭാഗത്തുള്ള ആല്‍മരച്ചില്ലകള്‍ക്കിടയിലൂടെ
വരുന്ന സൂര്യ പ്രകാശം കടകളില്‍ വില്‍ക്കാനായി തൂക്കിയിട്ടിരിക്കുന്ന
നക്ഷത്രങ്ങളില്‍ തട്ടുമ്പോള്‍ അവ പ്രകാശിക്കുന്ന പോലെ തോന്നിച്ചു. മാസാദ്യമായതുകൊണ്ടാവും
കടകളിലെല്ലാം സാമാന്യം നല്ല തിരക്കുണ്ട്. നാളെ ഹര്‍ത്താലോ ബന്ദോ ഉണ്ടാകുമോ എന്ന
ചര്‍ച്ചയാണ് ആളുകള്‍ക്ക്. പേടിക്കേണ്ടതില്ല ഇപ്പോള്‍ കുറച്ചായി പ്രധിഷേധദിനമാക്കി
ചുരുക്കാറാണല്ലോ പതിവ് എന്ന് മുതിര്‍ന്നവരുടെ ആശ്വാസ വചനവും കേള്‍ക്കുന്നു.’
പതിവ് രീതി
വിട്ട് ഒരു കഥയുടെ രീതിയിലുള്ള എസ്കെയുടെ ഈ വിവരണങ്ങള്‍ എല്ലാം ഞാന്‍ ഒരു കടലാസില്‍
എഴുതിയെടുത്തു.
“ജാനീ,
കുറച്ച് നാളുകള്‍ക്ക് ശേഷം ഈ കുറിപ്പ് വായിക്കുന്ന സൂക്ഷമ നിരീക്ഷണ സ്വഭാവമുള്ള ഒരാള്‍ക്ക്,
ഇതെഴുതിയത് ചൊവ്വാഴ്ച്ചയായിരുന്നു എന്നുള്ള കാര്യം ഈ കുറിപ്പില്‍ നിന്ന് തന്നെ
മനസ്സിലാക്കാന്‍ കഴിയും. ഒരു വിവരണത്തിന്റെയും ആവശ്യം ഇല്ലാതെ തന്നെ. അയാള്‍ അമേരിക്കയില്‍
ഇരുന്നാണ് ഈ കുറിപ്പ് വായിക്കുന്നതെങ്കില്‍ കൂടിയും അങ്ങിനെത്തന്നെ.”
ഞാന്‍
ഒരാവര്‍ത്തി കൂടി ആ കുറിപ്പ് വായിച്ചുനോക്കി. അന്ന് ചൊവ്വാഴ്ച്ചയാണ് എന്ന്
മനസ്സിലാക്കാവുന്ന ഒന്നും എനിക്കതില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
“ഇല്ല എസ്കെ.
ഏത് ദിവസം എന്ന് കാണിക്കുന്ന ഒരു സൂചനയും ഞാന്‍ അതില്‍ കാണുന്നില്ല”
“ഉണ്ട് ജാനീ.
കുറച്ചു കൂടി ശ്രദ്ധിച്ചു നോക്കൂ. അപ്പോള്‍ ദിവസം മാത്രമല്ല മാസവും നമുക്ക് അതില്‍
നിന്നും കണ്ടെത്താന്‍ കഴിയും.”
ജിജ്ഞാസയോടെ
നില്ക്കുന്ന എന്നെ ഒന്ന് നോക്കിയിട്ട് എസ്കെ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചു.
“കടകളില്‍
വില്‍ക്കാനായി നക്ഷത്രങ്ങള്‍ തൂക്കിയിട്ടതും സ്വാമിമാരുടെ സാന്നിദ്ധ്യവും യഥാക്രമത്തില്‍
ക്രിസ്തുമസും ശബരിമല തീര്‍ത്ഥാടനവുമാണ് എന്ന് മനസ്സിലായല്ലോ. അത് ഏത് മാസമെന്ന്
തെളിയിക്കുന്നു. മാസാദ്യം എന്ന് പറയുമ്പോള്‍ അത് നവംബറോ ജനുവരിയോ അല്ല. മറിച്ച്
ഡിസംബര്‍ ആദ്യത്തില്‍ തന്നെയാണ്. പിന്നെ ഹര്‍ത്താലിനെ കുറിച്ചു പറയുന്നുണ്ട്. ഹര്‍ത്താല്‍
എപ്പോഴുമുണ്ടാകാം. പക്ഷെ ഇപ്പോള്‍ കുറച്ചായി അത് പ്രധിഷേധത്തില്‍ ഒതുങ്ങാറാണ് പതിവ്
എന്നുള്ളത് എല്ലാ വര്‍ഷങ്ങളിലും ഡിസംബര്‍ ആദ്യത്തില്‍ നടക്കുന്ന ഏതോ ഒരു ഹര്‍ത്താലിനെ
കുറിച്ചാണ്. അത് ഡിസംബര്‍ 6 അല്ല എന്ന് മനസ്സിലാക്കാത്തവര്‍ എത്രമാത്രം
വിഡ്ഢികളായിരിക്കും ല്ലേ. അപ്പോള്‍ നമ്മള്
ഗുരുവായൂര്‍ നിന്നത് ഡിസംബര്‍ അഞ്ചാം തിയ്യതി തിങ്കളാഴ്ച്ചയായിരുന്നു എന്ന്
മനസ്സിലാക്കാം. ആ സംഭവം ഇന്നലെ എന്ന് പറഞ്ഞ് വിവരിക്കുമ്പോള്‍ ഈ കുറിപ്പ് എഴുതിയത്
ചൊവ്വാഴ്ച്ചയായിരിക്കുമല്ലോ.”
“വളരെ
ശരിയാണ് എസ്കേ. ശ്രദ്ധിച്ചു നോക്കുകയാണെങ്കില്‍ ഈ കാര്യങ്ങളൊക്കെ ഇതില്‍ നിന്നും
കണ്ട് പിടിക്കാന്‍ കഴിയും.”
“കാണുമ്പോള്‍
കണ്ണുകൊണ്ട് കാണണം എന്ന് കേട്ടിട്ടില്ലേ. വെറുമൊരു നോട്ടം എറിയുകയല്ല വേണ്ടത്.
കൃത്യമായി നിരീക്ഷിച്ചു വീക്ഷിക്കണം. ഇനി നോക്കൂ ജാനീ, ഈ കുറിപ്പില്‍ ഒന്നുകൂടി സൂക്ഷിച്ചു
നോക്കിയാല്‍ കുറച്ചു കൂടി വിവരങ്ങള്‍ കിട്ടും. പടിഞ്ഞാറ് നിന്ന് സൂര്യപ്രകാശം
വരുന്നു എന്ന് പറയുമ്പോള്‍ അത് വൈകുന്നേരം നാല് മണിക്ക് ശേഷമാവും. കാരണം സ്കൂള്‍
കുട്ടികള്‍ അവിടെ ബസ്സ്സ്റ്റോപ്പിലുണ്ടല്ലോ. കുട്ടികള്‍ ധാരാളം ഉണ്ട് എന്നതിനാല്‍
സ്കൂള്‍ വിട്ട് അധിക സമയം ആയില്ല എന്ന് കരുതാം. കൂടുതല്‍ കുട്ടികള്‍ നിറഞ്ഞു നില്ക്കുന്നത്കൊണ്ട്
സ്കൂള്‍ ഈ ബസ്സ്സ്റ്റോപ്പിന്റെ ഏകദേശം അടുത്തു തന്നെ എന്നും ഊഹിക്കാം. അപ്പോള്‍
സമയം ഏതാണ്ട് 4.15 നും 4.45 നും ഇടയില്‍. സ്കൂള്‍ യൂണിഫോമിന്റെ നിറം വെള്ളയാണ്.
കാരണം അയ്യപ്പ ഭക്തരും കുട്ടികളും അടുത്ത് നിന്നപ്പോള്‍ ചതുരംഗക്കളത്തിലെ കാലാള്‍പ്പടയെ
ഓര്‍ക്കുന്നുവെങ്കില്‍ കറുപ്പ് ധരിച്ചു നില്ക്കുന്ന സ്വാമിമാര്‍ക്ക്
മുമ്പിലുള്ളത് വെള്ള വസ്ത്രം ധരിച്ച കുട്ടികള്‍ തന്നെ.”
ഈ ഒരു ചെറിയ
കുറിപ്പില്‍ നിന്നും ഇത്രയ്ക്കധികം കാര്യങ്ങള്‍ എസ്കെ പറഞ്ഞതില്‍ തൃപ്തി
വന്നെങ്കിലും അത് അത്ര വലിയ അത്ഭുതമായി എനിക്ക് തോന്നിയില്ല. കാരണം അത് എസ്കെ
തന്നെ പറഞ്ഞിട്ട് എന്നെക്കൊണ്ട് എഴുതിപ്പിച്ചതാണല്ലോ. അപ്പോള്‍ തനിയ്ക്ക് വേണ്ട
കാര്യങ്ങളെല്ലാം അതില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്യാം. മാത്രമല്ല, എസ്കെയുടെ ഈ
നിരീക്ഷണത്തിന്റെ ആയുസ്സ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉണ്ടാവുകയില്ല. കാരണം എല്ലാ വര്‍ഷവും ഡിസംബര്‍ 5
തിങ്കളാഴ്ച്ച ആകണമെന്നില്ലല്ലോ. ആ കാര്യം ഇതിലൊരു പോരായ്മയാണ്. എന്നാലും ഞാന്‍
എസ്കെയോട് അതൊന്നും പറഞ്ഞില്ല. അദ്ദേഹം തുടര്‍ന്ന് കൊണ്ടേയിരുന്നു.
“ഇനി
മറ്റൊന്ന് കൂടി പറയട്ടെ ജാനീ. ഞാന്‍ ഈ പറഞ്ഞ സൂചനകള്‍ ഒന്നും തന്നെ ഇല്ലാതെ തന്നെ
ഇതില്‍ നിന്നും കൃത്യമായി തിയ്യതിയും ദിവസവും വര്‍ഷവുമെല്ലാം കണ്ടുപിടിക്കുന്നവരെയാണ്
എനിക്കേറ്റവും ഇഷ്ട്ടം. നൂറ് കൊല്ലം കഴിഞ്ഞിട്ടാണെങ്കില്‍ കൂടിയും ചരിത്രമറിയുന്നവന്
അത് നിഷ്പ്രയാസമായിരിക്കും”
ഞാനൊന്നും
മിണ്ടിയില്ല. എസ്കെയുടെ വിവരണത്തില്‍ ഒരു പൊരുത്തക്കേടും ഇല്ലായെന്നെനിക്കറിയാം.
നൂറ് കൊല്ലം കഴിഞ്ഞും മനസ്സിലാകുമെന്നുള്ള കാര്യമൊഴിച്ച്. എന്റെ നിശബ്ധത
കണ്ടിട്ടാവാം അദ്ദേഹം എന്നോടൊന്നും ചോദിക്കാതെ സംസാരം വീണ്ടും തുടര്‍ന്നു.
“ഇനി
ആദ്യത്തെ കുറിപ്പ് നോക്കൂ. അതില്‍ കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തമാണ്. ഞാന്‍
ചെല്ലുമ്പോള്‍ വഹാബ് എന്നെ കാത്ത് പടിഞ്ഞാറോട്ട് തിരിഞ്ഞു നില്ക്കുന്നു.
അദ്ദേഹത്തിന് അഭിമുഖമായി ഞാന്‍ നിന്നു എന്നതിനര്‍ത്ഥം ഞാന്‍ നില്‍ക്കുന്നത് കിഴക്കോട്ടേക്ക്
മുഖം തിരിച്ചാണ് എന്നല്ലേ. വടക്ക് ഭാഗത്താണ് പോലീസുകാരനുള്ളത്. കിഴക്ക് തിരിഞ്ഞു
നില്ക്കുന്ന എന്റെ വടക്ക് ഭാഗം എന്റെ ഇടതു വശമാണ്. അവിടെ പടിഞ്ഞാറ് ഭാഗത്തേക്ക്
തിരിഞ്ഞു നിന്നാണ് അയാള്‍ ചോദ്യം ചെയ്യുന്നത്. കാരണം മുഖത്തേക്ക് നേരിട്ട് വരുന്ന
വെയില് തടയാന്‍ കൈ നെറ്റിയില്‍ വെച്ചിട്ടുണ്ട്. സമയം വൈകുന്നേരമാണ് എന്ന് ആദ്യം
പറഞ്ഞിട്ടുമുണ്ട്. എന്റെ ഇടതു ഭാഗത്ത് എനിക്ക് എതിര് വശത്തേക്ക് തിരിഞ്ഞു നില്ക്കുന്ന
അയാളുടെ പേര് രാജേന്ദ്രന് എന്ന് എനിക്ക് കാണണമെങ്കില്‍ ആ നെയിം ബോര്‍ഡ് അയാളുടെ
നെഞ്ചില്‍ ഇടതു വശത്തായിട്ടായിരിക്കണം കുത്തിയിരിക്കുന്നത്. കേരള പോലീസില്‍ ഇടതു
വശത്ത് നെയിം ബോര്‍ഡ് കുത്തുന്ന പോലീസുകാരനെ അലസനെന്നേ ഞാന്‍ വിളിക്കൂ. ഇനിയത്
മാത്രമല്ല കേട്ടോ ജാനീ. അപ്പോള്‍ ഞാന്‍ കണ്ട അയാളുടെ പോളീഷ് ചെയ്യാത്ത ഷൂവും അരയില്‍
അല്‍പ്പം ഇടതുഭാഗത്തേക്ക് തെറ്റിക്കിടക്കുന്ന ബെല്‍റ്റിന്റെ ബക്ക്ളും, കൃത്യമായി
മടക്കാത്ത ഷര്‍ട്ടിന്റെ കോളറും മറ്റും എന്റെ സംശയത്തെ ശക്തിപ്പെടുത്തുകയും
ചെയ്തു...”
എസ്കെ
കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടിരിക്കേ അദ്ദേഹത്തിന്റെ മൊബൈല്‍ ബെല്ലടിച്ചു. എസ്കെയുടെ
അമ്മാവന്റെ മകന് ഷ്രോഫ് ആയിരുന്നു അത്. മിഡില്‍ ഈസ്റ്റിലെ അല്‍മാസ് ജ്വല്ലറിയുടെ
ഒമാന്‍ മേനേജര്‍ ആണ് ഷ്രോഫ്. മിക്ക സമയത്തും വിദേശ രാജ്യങ്ങളില്‍ ആയിരിക്കും
പുള്ളി. നാട്ടില്‍ വന്നാല്‍ എസ്കെയെ കാണാതെ പോകാറില്ല. പാവറട്ടിയില്‍ നിന്നും ഇങ്ങോട്ട്
പുറപ്പെട്ടിട്ടുണ്ട് എന്ന് പറയാന്‍ വേണ്ടി വിളിച്ചതാണ്. എന്റെ കല്ല്യാണം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ
ഷ്രോഫിനെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയിരുന്നു. അറിവിന്റെ വള്ളിക്കുടിലാണ് ഷ്രോഫ്.
പരന്ന വായനയാണ്. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരേസമയം ബാലരമയും ഒപ്പം ഖസാക്കിന്റെ
ഇതിഹാസവും വായിക്കുമായിരുന്നു എന്ന് എസ്കെ പറഞ്ഞു കേട്ടിട്ടുണ്ട്. എസ്കെയെ പോലെ
തന്നെ അപാര നിരീക്ഷണ സ്വഭാവമുള്ള വ്യക്തിയാണ് ഷ്രോഫ്. എസ്കെയെ കുറ്റാന്വേഷണ
മേഖലയിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതും ഷ്രോഫ് ആയിരുന്നു. ‘ബാസ്ക്കര്‍ വില്സിലെ
വേട്ടനായ്ക്കള്‍’ എന്ന ഷെര്‍ലക്ക് ഹോംസ് നോവല്‍ ആദ്യമായി എസ്കെ വായിച്ചത് ഷ്രോഫ്
സമ്മാനിച്ചിട്ടാണ് എന്ന് എനിക്കറിയാം. എന്നെക്കാള്‍ കൂടുതല്‍ വിശാലമായി
ചിന്തിക്കുന്നത് ഷ്രോഫ് ആണെന്ന് എസ്കെയും, അതല്ല എസ്കെയാണ് കേമനെന്ന് ഷ്രോഫും
പരസ്പ്പരം അംഗീകാരമെന്ന നിലയില്‍ പുകഴ്ത്താറുണ്ട്. അര മണിക്കൂറിനകം ഷ്രോഫ് ധിഷണാവിലാസത്തില്
എത്തിച്ചേര്‍ന്നു.
“നീയിതെപ്പോള്‍
പൊട്ടി വീണു? ഇന്നലെയല്ലേ നീ സൗദിയില്‍ ഉണ്ടായിരുന്നത്?
ഷ്രോഫിനെ കണ്ട
സന്തോഷത്തില്‍ എസ്കെ മുറ്റത്തേക്ക് ഇറങ്ങിച്ചെന്ന് സ്വീകരിച്ചു.
“ഞാന്‍
ഇന്ന് രാവിലെ വന്നതാ. നാളെ വൈകീട്ട് തന്നെ തിരിച്ചു പോകും. അതിനിടയില്‍
നിന്നെയൊന്നു കണ്ടിട്ട് പോകാം എന്നു വിചാരിച്ചു."
എന്നോട്
വിശേഷം ചോദിച്ചിട്ട് ഷ്രോഫ് പിന്നെ എസ്കെയുടെ അടുത്തിരുന്നു കുറെ നേരം സംസാരിച്ചു.
അപ്പോഴേക്കും ഞാന്‍ ചായയും പലഹാരങ്ങളും എല്ലാം എടുത്തു വെച്ചു. ചായ കുടിയ്ക്കുമ്പോഴും
അവര്‍ സംസാരിച്ചു കൊണ്ടിരുന്നു. സലാല ബ്രാഞ്ചിലെ ജ്വല്ലറിയിലെ സ്റ്റാഫ് തന്നെ
നടത്തിയ മോഷണത്തെ കുറിച്ചായിരുന്നു അവരുടെ ചര്‍ച്ച.
“ഷ്രോഫേ..
നിന്നെപ്പോലെ ബുദ്ധിരാക്ഷസനായ ഒരു മാനേജറും കൃത്യമായ ഓഡിറ്റിങ്ങും സ്റ്റോക്ക്ടേക്കിങ്ങും
പിന്നെ സീ.സീ ടിവി ക്യാമറയും ഒക്കെ ഉള്ള ഒരു വലിയ ജ്വല്ലറിയില്‍ അയാള്‍
എങ്ങിനെയാണ് മോഷണം നടത്തിയത്?”
“ഈ മോഷണം
സാധാരണ രീതിയില്‍ നടക്കുന്ന നേര്‍ക്ക് നേരെയുള്ള ഒരു അപഹരണമല്ല. മറിച്ച് ആ കടയെ
കുറിച്ചും മറ്റു കടകളുമായി ഞങ്ങളുടെ ഡിസൈന്‍ കോമ്പിറ്റേഷനെ കുറിച്ചുമെല്ലാം
വ്യക്തമായി അറിയാവുന്ന സമര്‍ത്ഥനായ ഒരു സെയില്സ്മാന് നടത്തിയ ഒരു
തട്ടിപ്പായിരുന്നു അത്. ആഭരണങ്ങള്‍ക്കായി സ്വര്‍ണ്ണം മുറിക്കുന്ന നാടന്‍ തട്ടാന്റെ
ചെറിയ മോഷണം നമ്മള് കണ്ടിട്ടുണ്ട്. ഇടത്തരം ജ്വല്ലറികളില്‍ 22 കാരറ്റ് സ്വര്‍ണ്ണം
വില്ക്കാന് വരുന്ന ഉപഭോക്താവില്‍ നിന്നും 21 കാരറ്റിന്റെ വിലയിട്ട് പറ്റിക്കുകയും
ആഭരണങ്ങളുടെ സ്റ്റോണ്വെയിറ്റ് പറഞ്ഞുള്ള കളികളും നടത്തുന്ന സെയില്സ്മാന്മാരേയും
നമ്മള് കുറെ കണ്ടിട്ടുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ ഇറങ്ങിയ ഞങ്ങളുടെ ഏറ്റവും
പുതിയ ഡിസൈന്‍ വെച്ചുള്ള ബുദ്ധിപൂര്‍വ്വമായ ഒരു ഗെയിം ആണ് ഇയാള്‍ കളിച്ചത്. ഞങ്ങള്‍
ഇറക്കുന്ന ഏറ്റവും പുതിയ മോഡലിന്റെ കോപ്പി ഉണ്ടാക്കുവാന്‍ കഴിയുന്ന സമര്‍ത്ഥനായ
ഒരു തട്ടാന്റെ മകനായിരുന്നു ഈ സെയില്സ്മാന് എന്ന് ഞാന്‍ മനസ്സിലാക്കാന്‍ വൈകി
എന്നത് മാത്രമാണ് എനിക്ക് പറ്റിയ അബദ്ധം.”
ആരോ വന്നു
കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ എസ്കെ എഴുന്നേറ്റു പോയി വാതില്‍ തുറന്നു കൊടുത്തു.
ആഗതനുമായി സോഫയില്‍ ഇരുന്ന് എസ്കെ സംസാരിച്ചു കൊണ്ടിരുന്നു. ഷ്രോഫിന്റെ കണിശതയോടെയുള്ള
നിരീക്ഷണപാടവം നിറഞ്ഞ ആ ജ്വല്ലറി കേസ് പിന്നീടൊരിക്കല്‍ ഞാന്‍ വായനക്കാരുമായി
പങ്കുവെയ്ക്കുന്നതാണ്. ചായ കുടിച്ചു കഴിഞ്ഞെങ്കിലും ഷ്രോഫ് അവിടെത്തന്നെ ഇരുന്ന്
എന്നോട് വിശേഷങ്ങള്‍ എല്ലാം ചോദിച്ചു. ഞാനപ്പോള്‍ എസ്കെ പറഞ്ഞ് എഴുതിപ്പിച്ച ആ
കുറിപ്പ് ഷ്രോഫിന് നീട്ടി. അതില്‍ പറയാതെ പറഞ്ഞ തിയ്യതി കണ്ടുപിടിക്കാന്‍ ഷ്രോഫിന്
സാധിക്കുമോ എന്നറിയാനാണ് ഞാന്‍ അങ്ങിനെ ചെയ്തത്. എന്നിട്ട് എസ്കെ ചോദിച്ചതുപോലെ
ഞാന്‍ ആ ചോദ്യം ഷ്രോഫിനോടും ചോദിച്ചു. ഷ്രോഫ് അത് വായിച്ചു നോക്കിയിട്ട് ‘ഇതെഴുതിയത്
2016 ഡിസംബര്‍ 6 ചൊവ്വാഴ്ച്ച ആയിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ’ എന്ന്
ഉത്തരം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എസ്കെ ചിന്തിച്ചപോലെത്തന്നെ ഷ്രോഫും
ചിന്തിച്ചിരിക്കുന്നു. എന്നാലും ഷ്രോഫ് അത് കണ്ടു പിടിച്ചത് എങ്ങിനെയെന്ന്
എനിക്കറിയാന്‍ ആകാംക്ഷയായി. ശബരിമല തീര്‍ത്ഥാടനം, കൃസ്തുമസ്, ഹര്‍ത്താല്‍, മാസാദ്യം
തുടങ്ങി എത്ര കാര്യങ്ങളുടെ സഹായത്താലായിരിക്കും ഷ്രോഫ് ഇത് കണ്ടുപിടിച്ചിരിക്കുക
എന്നറിയാനായി ഞാന്‍ ചോദിച്ചപ്പോള്‍ ഷ്രോഫിന്റെ മറുപടി ഇങ്ങിനെയായിരുന്നു.
“എന്തിനാ
ജാനീ ഇത്രയ്ക്കധികം കാര്യങ്ങള്‍? ഇതിലെ ഒരേ ഒരു കാര്യം മാത്രം മതിയല്ലോ
തിയ്യതിയും ദിവസവും അറിയാന്‍. മരണാസന്നയായ മുഖ്യമന്ത്രി ജയലളിതയെ കുറിച്ചുള്ള ചാനലിലെ
സായാഹ്ന ചര്‍ച്ചയെ കുറിച്ച് പറയുന്നുണ്ടല്ലോ. അന്ന് രാത്രിയാണ് അവര്‍ മരിക്കുന്നത്.
അപ്പോള്‍ പിന്നെ ജയലളിത മരിച്ച ദിവസം നോക്കിയാല്‍ മതിയല്ലോ തിയ്യതിയും ദിവസവും
അറിയാന്‍. അത് എത്ര നാള് കഴിഞ്ഞാലും ഒരു മാറ്റവും ഉണ്ടാവുകയുമില്ല.”
എസ്കെയെ
പോലെ തന്നെ ഷ്രോഫും സൂക്ഷമമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയും വിശാലമായി ചിന്തിക്കുകയും
ചെയ്യുന്നുവെന്ന് അപ്പോള്‍ എനിക്ക് നേരിട്ട് ബോധ്യമായി. ചരിത്രം അറിയുന്നവന് നൂറ്
വര്‍ഷം കഴിഞ്ഞാലും ഈ തിയ്യതി അറിയാന്‍ സാധിക്കുമെന്ന് എസ്കെ പറഞ്ഞതിന്റെ അര്‍ത്ഥം
എനിക്കപ്പോഴാണ് മനസ്സിലായത്. അധികം താമസിയാതെ തന്നെ ഷ്രോഫ് യാത്ര പറഞ്ഞിറങ്ങി.
എസ്കെ അപ്പോഴും സോഫയില്‍ ഇരുന്ന് അയാളുമായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഏതോ
കാര്യമായ കേസായിരിക്കാനാണ് സാദ്ധ്യത. അയാള്‍ പോയിക്കഴിഞ്ഞതിന് ശേഷവും എസ്കെ
സോഫയില്‍ തന്നെ ഇരിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അടുത്ത് ചെന്നിരുന്നു. എന്നിട്ട്
എസ്കെയോടായി ചോദിച്ചു.
“നേരത്തേ
എസ്കെ തന്ന കുറിപ്പില്‍ ജയലളിതയുടെ മരണദിവസത്തെ കുറിച്ച് പറയുന്നുണ്ടായിരുന്നല്ലേ.
ഷ്രോഫ് പറഞ്ഞപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിക്കുന്നത്. അതില്‍ നിന്നും നമ്മള്
ഗുരുവായൂര്‍ ഉണ്ടായിരുന്നത് ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച്ച ആയിരുന്നു എന്ന്
മനസ്സിലാവും. ജയലളിതയെ പരാമര്‍ശിച്ചതില്‍ തിയ്യതി ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന്
ഞാന്‍ അത്ര ആലോചിച്ചില്ല. അങ്ങിനെയെങ്കില്‍ എത്ര വര്‍ഷം കഴിഞ്ഞാലും ആ തിയ്യതി ഈ
കുറിപ്പില്‍ നോക്കി പറയാന്‍ പറ്റും. അല്ലേ എസ്കെ?”
ഇത്
കേട്ടതും എസ്കെ പൊട്ടിച്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു
“പറ്റും
ജാനി പറ്റും. പക്ഷേ ഒരിക്കലും സംഭവിക്കാന്‍ സാദ്ധ്യതയില്ലാത്തതാണെങ്കിലും ഒരു
കാര്യം ചോദിച്ചോട്ടെ. ഭാവിയില്‍ ഇതേ പേരില്‍ ഒരു മുഖ്യമന്ത്രി തമിഴ്നാട്ടില്‍
വരികയും രോഗിണിയായി ഡിസംബര്‍ മാസത്തില്‍ മരിക്കുകയും ചെയ്താലോ. അപ്പോള്‍ ഈ
നിഗമനങ്ങളില്‍ പാളിച്ച സംഭവിക്കും. എന്റെ തലയില്‍ ഇപ്പോള്‍ അതൊന്നുമല്ല ജാനീ.
ഇപ്പോള്‍ വന്നു പോയ ആള് ഒരു കേസുമായിട്ടാണ് വന്നിട്ടുള്ളത്. സുഹൈല്‍ എന്നാണ്
അയാളുടെ പേര്. ആനപ്പള്ളിയില് ആണ് വീട്. അദ്ധേഹത്തിന്റെ പിതാവ് കഴിഞ്ഞ ആഴ്ച്ച
മരണപ്പെട്ടു. തികച്ചും സാധാരണമായ മരണമായിരുന്നു. ഖബറടക്കമെല്ലാം കഴിഞ്ഞിട്ട്
ദിവസങ്ങളായി. ഇപ്പോള്‍ ഇയാള്‍ക്കൊരു സംശയം അത് കൊലപാതകമായിരുന്നോ എന്ന്. വെറും
സംശയം മാത്രമല്ല അതിന് ഉപോല്‍ബലകമായി കുറച്ചു കാര്യങ്ങള്‍ സുഹൈല്‍ എന്നോട് പറഞ്ഞു.
അതെല്ലാം കേട്ടപ്പോള്‍ എനിക്കിതില്‍ വലിയ താല്‍പ്പര്യം തോന്നുന്നു. ഒന്ന്
അന്വേഷിച്ചു നോക്കാം. സുഹൈല്‍ പറഞ്ഞത് പ്രകാരം ഇത് കൊലപാതകമാണെങ്കില്‍ ഒന്നല്ല
മൂന്നെണ്ണമാണ് നടന്നിട്ടുള്ളത്. അതല്ലെങ്കില്‍ മൂന്നും സാധാരണ മരണങ്ങള് മാത്രം. മൂന്നും
മൂന്ന് ജില്ലകളിലായാണ് നടന്നിട്ടുള്ളത്. ആദ്യം കണ്ണൂരിലെ കുറുവയില്‍ പിന്നെ
മലപ്പുറത്തെ നന്നം മുക്കില്‍ അവസാനം നമ്മുടെ തൃശ്ശൂരിലെ ആനപ്പള്ളിയിലും"
“സുഹൈലിന്റെ
പിതാവിന്റെ ഖബറടക്കമെല്ലാം കഴിഞ്ഞ് ഇത്ര ദിവസമായ സ്ഥിതിയ്ക്ക് ഇനി എന്ത് ചെയ്യും?”
“ഞാന്‍ ഈ
കേസ് പുറകില്‍ നിന്നാണ് അന്വേഷിക്കാന്‍ പോകുന്നത്. അഥവാ ആദ്യം മരണം നടന്ന കണ്ണൂരില്‍
നിന്ന്. അവസാനമേ സുഹൈലിന്റെ പിതാവിലേക്ക് വരികയുള്ളൂ.”
“സത്യത്തില്‍
എന്താണ് സംഭവിച്ചത്? സുഹൈല്‍ എന്താണ് എസ്കെയോട് പറഞ്ഞത്”
കാലുകള്‍
നീട്ടി വെച്ച് സോഫയില്‍ ചാരി കിടന്നുകൊണ്ട് എസ്കെ വിവരിച്ചു തുടങ്ങി...
[തുടരും]
കൊള്ളാമല്ലോ...
മറുപടിഇല്ലാതാക്കൂജയലളിതയുടെ കാര്യം പറഞ്ഞത് മനപൂര്വമാകുമെന്ന് തോന്നിയിരുന്നു.
പിന്നെ, സുഹൈലിന്റെ കേസ് കൂടി ആകുമ്പോ ആവേശകരമാകുന്നുണ്ട്. തുടരട്ടെ!
ശ്രീയുടെ അഭിപ്രായത്തിന് നന്ദി.
മറുപടിഇല്ലാതാക്കൂഡിറ്റക്ടീവ് ജാനി എന്താ എഴുതാത്തതെന്ന് വിചാരിച്ചിരിക്കുവാരുന്നു.
മറുപടിഇല്ലാതാക്കൂതുടക്കം വളരെ നന്നായിട്ടുണ്ട്.ഇത്രേം കാര്യങ്ങളൊക്കെ നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു.
അടുത്ത ഭാഗം വേഗം ഇട്ടോളൂ.
എഴുത്ത് നിർത്തിയോ
മറുപടിഇല്ലാതാക്കൂ