2017 മാർച്ച് 19, ഞായറാഴ്‌ച

എസ്കെയുടെ ആദ്യ കുറ്റാന്വേഷണം

ചെറിയ ഒരു പനിയുള്ളതുകൊണ്ടാവും സൂര്യനുദിച്ചിട്ടും എസ്കെ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. എന്തായാലും ചായ എടുത്തിട്ട് അദ്ദേഹത്തെ വിളിക്കാം എന്ന് കരുതി ഞാന്‍ അടുക്കളയിലേക്ക് കയറി. പത്രക്കാരന്‍റെ സൈക്കിള്‍ ബെല്ലടി അകലെ നിന്നും കേള്‍ക്കുന്നുണ്ട്. ചായ എടുത്തു വരുമ്പോഴേയ്ക്കും എസ്കെ എഴുന്നേറ്റ് പത്ര വായന തുടങ്ങിയിരുന്നു. ഞാന്‍ ചെന്ന് നെറ്റിയില്‍ തൊട്ടു നോക്കി. ചൂടിന് അല്‍പ്പം ശമനമുണ്ട്. പത്ര വാര്‍ത്തയിലെ എന്തോ കണ്ട് ഒരു ചെറു ചിരിയോടെ അദ്ദേഹം അത് മടക്കി വെച്ച് ചായ എന്‍റെ കയ്യില്‍ നിന്നും വാങ്ങിയിട്ട് പറഞ്ഞു തുടങ്ങി..

“വര്‍ക്കലയിലെ ബാങ്ക് കവര്‍ച്ചയുടെ കഥകള്‍ ആണ് ഇന്നത്തെ പത്രം മുഴുവന്‍”

“എനിക്ക് സന്തോഷമായി എസ്കെ. പോലീസുകാരുടെ കൈ കടത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അവസാനം എസ്കെയുടെ നിരീക്ഷണം തന്നെ സത്യമായി വരികയും അത് പുറം ലോകം അറിയുകയും ചെയ്തല്ലോ”

“അന്വേഷണത്തിന്‍റെ തുടക്കത്തില്‍ പോലീസ് കൃത്യമായ ദിശയില്‍ തന്നെ ആയിരുന്നു ജാനീ. പക്ഷെ കള്ളന്‍ അതി ബുദ്ധിമാനായിരുന്നു. അതിനാല്‍ പോലീസിനെ കബളിപ്പിക്കാനായി കള്ളന്‍ കൃത്രിമമായി ഉണ്ടാക്കി വെച്ച പല തെളിവുകളും നേരില്‍ നിന്നും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാതെ പോയി”

“നിഗമനങ്ങളുടെ ഒരു പൊതു നിയമം അവര്‍ക്ക് അറിയാത്തത് കൊണ്ടാവുമത് ല്ലേ. സാധാരണ രീതിയില്‍ ഒരു പൊതു നിയമം സത്യമായി തന്നെയല്ലേ എസ്കേ സംഭവിക്കുക?”

“ഇല്ല ജാനീ. അങ്ങിനെ എല്ലായ്പ്പോഴും സംഭവിക്കണം എന്നില്ല. ചില സാഹചര്യങ്ങളില്‍ അതിന് മാറ്റം വരും. ഉദാഹരണത്തിന് ഒരു വ്യക്തി ചുമരില്‍ എഴുതുന്നത്‌ തന്‍റെ കണ്‍വിതാനത്തിന് അല്‍പ്പം മുകളില്‍ ആയിട്ടായിരിക്കും. 5 അടി 10 ഇഞ്ചുള്ള ഞാന്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് 6 അടി ഉയരത്തിലെങ്കിലും ആയിരിക്കും. ഇതൊരു പൊതു തത്വമാണ്. കുറ്റാന്വേഷകരും പോലീസുമെല്ലാം ഈയൊരു തത്വം ഉപയോഗിച്ചാണ് എഴുതിയ വ്യക്തിയുടെ  ഉയരം കണക്കാക്കുന്നത്. എന്നാല്‍ ഒരു അദ്ധ്യാപകന്‍ ബോര്‍ഡില്‍ എഴുതുന്നത്‌ ശ്രദ്ധിച്ചിട്ടില്ലേ. തലവാചകം എഴുതുന്നത്‌ ബോര്‍ഡിന്‍റെ ഏറ്റവും മുകളില്‍ തന്‍റെ കൈ എത്തിച്ചു പിടിച്ചിട്ടായിരിക്കും. എന്നിട്ട് ബാക്കിയുള്ളവയെല്ലാം അതിന്‍റെ താഴെ നിന്നും എഴുതിത്തുടങ്ങും. ഇത് വെച്ചുകൊണ്ട് അദ്ധേഹത്തിന്‍റെ ഉയരം കണക്കാക്കുന്നത് നേരത്തെ പറഞ്ഞ പൊതു നിഗമനങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കും”

“അതെ അത് ശരിയാ.”

“ഇത്തരത്തില്‍ പൊതു നിഗമനങ്ങള്‍ക്ക് കടകവിരുദ്ധമായി കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ പകച്ചു പോകും. അവിടെയാണ് പല കുറ്റാന്വേഷകരും പരാജയപ്പെടുക. ഓരോ വ്യക്തിയും തന്‍റെ മനോധൈര്യം അനുസരിച്ചായിരിക്കും അതാതു സമയങ്ങളില്‍ പ്രതികരിക്കുക. നായ കുരച്ചുകൊണ്ട് പെട്ടെന്ന് നമ്മുടെ മുന്നില്‍ വന്നാല്‍ ഓടാനോ അല്ലെങ്കില്‍ കല്ലെടുത്ത്‌ എറിയാനോ ഒക്കെ ഓരോരുത്തരുടെ അപ്പോഴത്തെ മനോനില അനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഈ കേസിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. അതെല്ലാം പോകട്ടെ. ഇന്നത്തെ പത്രത്തില്‍ ജാനിയെ ശരിക്കും പോക്കിയിട്ടുണ്ടല്ലോ.”

“എന്നെയോ ? എന്തിന്? ഞാന്‍ നോക്കട്ടെ.”

പത്രം നോക്കിയപ്പോള്‍ എസ്കെ ചിരിച്ച പോലെ ഒരു ചെറു പുഞ്ചിരി എനിക്കും ഉണ്ടായി. പത്ര വാര്‍ത്തയുടെ അവസാനം ഇങ്ങിനെയായിരുന്നു.

‘ലോകം കോരിത്തരിച്ച ഷെര്‍ലക്ക്‌ ഹോംസ് എന്ന അതി ബുദ്ധിമാനായ ഒരു കഥാപാത്രത്തിന്‍റെ ശൈലിയെ മലയാളത്തിലൂടെ നമുക്ക് സുപരിചിതമാക്കിത്തന്ന യുവ എഴുത്തുകാരി ജാനി എസ്.കെ. തന്‍റെ ഭര്‍ത്താവിന്‍റെ ചില അന്വേഷണങ്ങള്‍ പല പ്രസിദ്ധീകരണങ്ങളിലൂടെയും നമ്മളെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരം വര്‍ക്കലയില്‍ ഉണ്ടായിട്ടുള്ള ഈ ബാങ്കിലെ വന്‍ മോഷണത്തിന്‍റെ വിവരങ്ങളും അതി സമര്‍ത്ഥമായി എസ്കെ കള്ളനെ പിടിച്ചതുമെല്ലാം താമസിയാതെ തന്നെ ജാനിയുടെ ആസ്വാദ്യമായ രീതിയിലുള്ള വിവരണത്തോടെ തന്നെ നമ്മുടെ കൈകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ബാങ്കുമായി ബന്ധപ്പെട്ട എസ്കെയുടെ ആദ്യ അന്വേഷണമായിരുന്നു ഇത്’

“എന്നാല്‍ ഇതില്‍ പറഞ്ഞിരിക്കുന്ന പോലെ ബാങ്കുമായി ബന്ധപ്പെട്ട എന്‍റെ ആദ്യ കേസ് അല്ല ജാനീ ഇത്. സത്യത്തില്‍ എന്‍റെ ജീവിതത്തിലെ തന്നെ ആദ്യ കേസ് ബാങ്കുമായി ബന്ധപ്പെട്ടതാണ്. ഞാനന്ന് കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. പ്രൊബേഷന്‍ പിരീഡ് ആയിരുന്നു അന്ന്. കോളേജ് പഠന കാലങ്ങളിലും ഞാന്‍ പല അന്വേഷണങ്ങളും നടത്തിയുട്ടെങ്കിലും അതെല്ലാം എന്‍റെ സ്വന്തം ഇഷ്ടപ്രകാരമുള്ളതായിരുന്നു. ആരും എന്നെ ഏല്‍പ്പിച്ച കേസുകള്‍ ആയിരുന്നില്ല. ചില ക്രൈമുകള്‍ നടക്കുമ്പോള്‍ ആരും പറയാതെ തന്നെ ഞാനവിടെ ചെന്ന് എന്‍റെതായ രീതിയില്‍ അന്വേഷണങ്ങള്‍ നടത്തി ചില നിഗമനങ്ങളില്‍ എത്താറുണ്ടായിരുന്നു. നിലവില്‍ പോലീസ് അന്വേഷിക്കുന്ന കേസായിരിക്കും അത്. ക്ഷണിക്കപ്പെടാത്ത എന്‍റെ അന്വേഷണരീതി ഇഷ്ടപ്പെടാത്ത പല പോലീസുകാരില്‍ നിന്നും എനിക്ക് ശകാരവും അന്ന്കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അന്ന് ഞാന്‍ കൊച്ചിന്‍ അക്കാദമിയില്‍ ആയിരുന്നു. എന്‍റെകൂടെ ട്രെയിനിംഗ് ബാച്ചില്‍ ഉണ്ടായിരുന്ന മുരളിയുടെ ജ്യേഷ്ഠനുമായി ബന്ധപ്പെട്ട ഒരു കേസായിരുന്നു അത്. അദ്ദേഹത്തിന്‍റെ സ്വന്തം ബാങ്കില്‍ ഒരു മോഷണ ശ്രമം നടന്നു. തന്‍റെ സ്ഥാപനത്തിന്‍റെ പേരിന് കോട്ടം തട്ടുമോ എന്ന് ഭയന്ന് ചേട്ടന്‍ ആരോടും പറഞ്ഞിട്ടില്ല എന്നാണ് മുരളി എന്നോട് പറഞ്ഞത്. പല കാര്യങ്ങളിലുമുള്ള എന്‍റെ നിരീക്ഷണ സ്വഭാവവും കുറ്റാന്വേഷണ ത്വരയും നന്നായി അറിയാവുന്ന മുരളി എന്നെ കുറിച്ച് തന്‍റെ ചേട്ടനോട് പറഞ്ഞു. അങ്ങിനെ ഒരു ദിവസം അദ്ദേഹം എന്നെ കാണാന്‍ വന്നു”

‘ഹലോ ! ഞാന്‍ മുകുന്ദന്‍. മുരളി എന്നോട് താങ്കളെ കുറിച്ചു പറഞ്ഞിരുന്നു. തികച്ചും സ്വകാര്യമായ ഒരു അന്വേഷണമാണ് എനിക്കിതില്‍ വേണ്ടത്. പുറത്താരും ഇത് അറിയാന്‍ പാടില്ല. അതുകൊണ്ട് തന്നെ ഞാനിത് പോലീസില്‍ പരാതിപ്പെട്ടിട്ടുമില്ല.’

‘സാര്‍ ഭയക്കേണ്ടതില്ല. രഹസ്യമായി തന്നെ ഞാന്‍ അന്വേഷിച്ചോളാം. വിശദമായി കാര്യങ്ങള്‍ പറയൂ.’

‘ഓക്കേ. എങ്കില്‍ നമുക്ക് ഇപ്പോള്‍ തന്നെ പുറപ്പെടാം. ഇന്ന് ഞായറാഴ്ച്ചയല്ലേ. താങ്കള്‍ക്ക് ഇന്ന് അവധിയുമാണ്.യാത്രയില്‍ വെച്ച് കാര്യങ്ങള്‍ എല്ലാം പറയാം. താങ്കളുടെ അന്വേഷണത്തില്‍ വിജയം കണ്ടാല്‍ താങ്കള്‍ക്ക് 25000 രൂപ പ്രതിഫലമായി ഞാന്‍ തരുന്നതാണ്.’

“എന്‍റെ ജാനീ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. 25000 രൂപ എന്നത് എനിക്ക് ഇപ്പോഴും വലിയ തുകയാണ്. അപ്പോള്‍ പിന്നെ 25 കൊല്ലം മുമ്പത്തെ കാര്യം പറയണോ. രണ്ടാമതൊന്ന് ആലോചിക്കാതെ ഞാന്‍ സമ്മതം മൂളി. കുറച്ചു നാളായി മനസ്സില്‍ ഉള്ള ഒരു ആഗ്രഹമായിരുന്നു പുതിയതല്ലെങ്കിലും ഒരു യമഹ ബൈക്ക് വാങ്ങണമെന്നുള്ളത്. ഇത് കേട്ടപ്പോള്‍ സന്തോഷമായി.”

‘പിന്നെ മറ്റൊരു കാര്യം. ഇത് തികച്ചും സ്വകാര്യമാണ്. ഞാനും താങ്കളും അല്ലാതെ മൂന്നാമതൊരാള്‍, അതെന്‍റെ അനിയന്‍ ആയാല്‍ പോലും വിശദാംശങ്ങള്‍ അറിയാന്‍ പാടില്ല. എന്‍റെ ഭാര്യയോടു പോലും ഞാനിത് പറഞ്ഞിട്ടില്ല. താങ്കള്‍ സത്യസന്ധനും സ്വകാര്യം സൂക്ഷിക്കാന്‍ പ്രാപ്തിയുള്ളവനുമാണ് എന്ന് മുരളി എന്നോട് പറഞ്ഞിട്ടുണ്ട്’

“അതെന്നെ എന്നെ ഒന്ന് പൊക്കിയതാണ് എന്ന് എനിക്ക് മനസ്സിലായി. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും നെറ്റിയില്‍ ചന്ദനക്കുറിയുമുള്ള തികച്ചും മാന്യനായ ഇദ്ദേഹം എന്തുകൊണ്ടായിരിക്കും സ്വന്തം അനിയനില്‍ നിന്നും ഭാര്യയില്‍ നിന്നും ഈ രഹസ്യങ്ങള്‍ മറച്ചുപിടിക്കുന്നത്‌ എന്ന് എനിക്ക് മനസ്സിലായില്ല. ഫസ്റ്റ് ഗിയറില്‍ റേസ് ചെയ്യുന്ന യമഹ ബൈക്കിന്‍റെ ശബ്ദം കാതില്‍ മുഴങ്ങുന്നതിനാല്‍ പിന്നെ ഞാനൊന്നും ചോദിച്ചില്ല.”

“അല്ല എസ്കേ, ഒരു സംശയം ചോദിച്ചോട്ടെ. വെറും ഒരു മോഷണശ്രമം നടത്തിയത് അന്വേഷിക്കാന്‍ എന്തിനാണ് ഇത്ര ഭീമമായ തുക ഈ മുകുന്ദന്‍ വാഗ്ദാനം ചെയ്തത്?”

“ഞാനും അങ്ങിനെ വിചാരിച്ചു ജാനീ. എന്നാല്‍ മുകുന്ദന്‍ സാറിന്‍റെ പുതിയ മാരുതി കാറില്‍ കൊച്ചിയില്‍ നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം കുറച്ചു കൂടി കാര്യങ്ങള്‍ വിവരിച്ചു തന്നു”

‘താങ്കള്‍ ഇപ്പോള്‍ വിചാരിക്കും എന്‍റെ ബാങ്കിലെ വെറുമൊരു മോഷണശ്രമം എന്തിനാണ് അന്വേഷിക്കുന്നതെന്ന്. എന്നാല്‍ താങ്കള്‍ അന്വേഷിക്കേണ്ടത് ബാങ്കിലെ മോഷണശ്രമമല്ല മറിച്ച് എന്‍റെ വീട്ടില്‍ നടന്ന ഒരു മോഷണമാണ്. നഷ്ടപ്പെട്ട ആ മുതല്‍ എടുത്തു തന്നാലാണ് താങ്കള്‍ക്ക് വാഗ്ദാനം ചെയ്ത ആ തുക ഞാന്‍ തരുന്നത്.’

‘വീട്ടിലെ മോഷണമോ? അപ്പോള്‍ ബാങ്കില്‍ മോഷണശ്രമം ഉണ്ടായി എന്ന് മുരളി എന്നോട് പറഞ്ഞിരുന്നല്ലോ’

‘അതേ. അത് സത്യമാണ് മോഷണശ്രമം ഉണ്ടായി. പക്ഷേ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ എന്‍റെ വീട്ടിലുണ്ടായ ഒരു മോഷണത്തില്‍ എനിക്ക് വിലപ്പെട്ട ഡോക്യുമെന്‍റ്സ് നഷ്ടപ്പെട്ടു. എന്താണ് ആ ഡോക്യുമെന്‍റ്സ് എന്ന് മാന്യനായ താങ്കള്‍ ചോദിക്കില്ലായെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പിന്നെ മറ്റൊരു കാര്യം. ഈ ഡോക്യുമെന്‍റ്സിനെ കുറിച്ചോ അത് നഷ്ടപ്പെട്ടതിനെ കുറിച്ചോ എന്‍റെ വീട്ടിലാര്‍ക്കും അറിയില്ല. ബാങ്കില്‍ ഒരു ചെറിയ മോഷണശ്രമം നടന്നത് മാത്രമേ അവര്‍ക്കറിയുള്ളൂ. അതിനാല്‍ എന്‍റെ ഭാര്യക്ക് സംശയം തോന്നാത്ത രീതിയില്‍ കാര്യങ്ങള്‍ നീക്കേണ്ട ബാധ്യതയും താങ്കള്‍ക്കുണ്ട്’

“ഞാന്‍ ശരിക്കും നടുക്കടലില്‍ പെട്ടപോലെയായി ജാനീ. മുകുന്ദന്‍ സാര്‍ വെറുതയല്ല 25000 രൂപ പ്രതിഫലം വെച്ചത്. കാരണം ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത രീതിയിലാണ് നിബന്ധനകള്‍. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി എനിക്ക് ആരെയും അവിടെ വെച്ച് ചോദ്യം ചെയ്യാന്‍ കഴിയില്ല. ആ വീട്ടില്‍ പോയി മോഷണം നടന്ന സ്ഥലങ്ങളും മറ്റും സൂക്ഷമായി പരിശോധിക്കാനും കഴിയില്ല. ആദ്യമായി അന്വേഷിക്കാന്‍ എന്നെ ഏല്‍പ്പിച്ച കേസ് ഇത്തരത്തിലുള്ളതായിപ്പോയല്ലോ എന്നോര്‍ത്ത് ഞാന്‍ സ്വയം ശപിച്ചു.”

രാവിലെ 10 മണിയോടെ ഞങ്ങള്‍ കൊടുങ്ങല്ലൂരെത്തി. അവിടെ നിന്നും കുറച്ചു ഉള്ളിലോട്ടു പോയി അഞ്ചപ്പാലം വഴി ഞങ്ങള്‍ മഞ്ഞിലപ്പള്ളിക്ക് സമീപമെത്തി. ഇരുവശങ്ങളിലും പൈനാപ്പിള്‍ കായ്ച്ചു നില്‍ക്കുന്ന വീതി കുറഞ്ഞ റോഡിലൂടെ പോയി ആ വലിയ ഗേറ്റിനുമുമ്പില്‍ ഞങ്ങളെത്തി. വിശാലമായ മുറ്റമുള്ള ആ വീടിന്‍റെ വശത്തില്‍ മുഴുവന്‍ പച്ചക്കറികള്‍ കൃഷി ചെയ്തിരിക്കുന്നു. തക്കാളിയും വഴുതനങ്ങയും സമൃദ്ധമായി നില്‍ക്കുന്നുണ്ട്. പേഷന്‍ ഫ്രൂട്ടിനെ പടര്‍ത്താനായി കയര്‍ കൊണ്ടുള്ള ഒരു പന്തല്‍ കെട്ടുന്നുണ്ട് പണിക്കാരായ ഒരു സ്ത്രീയും പുരുഷനും.

‘എന്താ ജോര്‍ജ്ജ്! നേരത്തെ തന്നെ എത്തിയല്ലോ. ഇന്നെന്താ പണിക്ക് പോയില്ലേ?’

കാര്‍ നിര്‍ത്തി മുകുന്ദന്‍ സാര്‍ ആ പണിക്കാരനോടായി ചോദിച്ചു.

‘ഇല്ല സാര്‍. ഇന്ന് ഈ പന്തല്‍ തീര്‍ക്കാന്‍ വേണ്ടി ഇവള്‍ വിളിച്ചതാ.’

കെട്ടുന്ന പന്തലിലേക്കും ഒപ്പം നില്‍ക്കുന്ന സ്ത്രീയിലേക്കും ചൂണ്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. ഒരു പക്ഷെ അത് ഇയാളുടെ ഭാര്യയാവണം. നല്ല ഒഴുക്കില്‍ മലയാളത്തിലാണ് ജോര്‍ജ്ജ് സംസാരിച്ചതെങ്കിലും അയാള്‍ മലയാളിയല്ല എന്ന് എനിക്ക് മനസ്സിലായി. ഞങ്ങളുടെ ബാച്ചിലുള്ള ഒരു കന്യാകുമാരിക്കാരന്‍ സുരേഷ് രാജിന്‍റെ സംസാരം പോലെ എനിക്ക് തോന്നിച്ചെങ്കിലും സുരേഷിനേക്കാളും നന്നായി ജോര്‍ജ്ജ് മലയാളം സംസാരിക്കുന്നുണ്ട്. കാറില്‍ നിന്നും ഇറങ്ങി വീടിന്‍റെ കോലായിലേക്ക് കയറി. മുകുന്ദന്‍ സാറിന്‍റെ ഭാര്യ പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ട് അവിടെ. സുന്ദരിയും കുലീനയുമായ സ്ത്രീ. ആ മുഖത്ത് കുടുംബ പാരമ്പര്യ മഹിമ കൊത്തി വെച്ചിരിക്കുന്നു. ആകര്‍ഷണീയമായ പെരുമാറ്റം. ഇത്രക്കും മാന്യയായ ഈ സ്ത്രീയില്‍ നിന്നും എന്തിനാണ് മുകുന്ദന്‍ സാര്‍ നഷ്ടപ്പെട്ട ഡോക്യുമെന്‍റ്സിനെ പറ്റി മറച്ചു വെയ്ക്കുന്നത് എന്ന ചിന്ത അപ്പോഴും എന്നെ അലട്ടികൊണ്ടിരുന്നു.

‘ശ്രീദേവീ.. ഇത് നമ്മുടെ മുരളിയുടെ കൂട്ടുകാരനാണ്.’ മുകുന്ദന്‍ സാര്‍ എന്നെ ഭാര്യക്ക് പരിജയപ്പെടുത്തി കൊടുത്തു.

‘അതെയോ. വരൂ. ഇരിക്കൂ..’

ശ്രീദേവി മാഡം എന്നെ സ്വീകരിച്ചിരുത്തി.

‘മുരളിയുടെ കൂടെയാ ജോലി ചെയ്യുന്നതെങ്കിലും പുള്ളിക്ക് ഈ കുറ്റാന്വേഷണത്തിലും മറ്റുമൊക്കെ ചെറിയ താല്‍പ്പര്യമുണ്ട്. അവന്‍ പറയുന്നത് ഇദ്ദേഹം മലയാളത്തിലെ ഷെര്‍ലക്ക്‌ ഹോംസ് എന്നാണ്’

‘ങാഹാ ! ജോലിയോടൊപ്പം ഇതും കൂടിയുണ്ടോ. വെരിഗുഡ്. ഹോംസ് എനിക്കേറ്റവും ഇഷ്ടമുള്ള ക്യാരക്ടര്‍ ആണ്.’

ഞാന്‍ വെറുതെ ഒന്ന് ചിരിച്ചു. എന്നെക്കുറിച്ച് മുകുന്ദന്‍ സാര്‍ അങ്ങിനെയൊക്കെ പറഞ്ഞെങ്കിലും ഈ കേസ് എവിടെ നിന്നു തുടങ്ങും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു പിടിയും ഉണ്ടായിരുന്നില്ല. കാരണം എനിക്ക് അന്വേഷിക്കേണ്ട മോഷണത്തെ കുറിച്ച് ആരോടെങ്കിലും ചോദിക്കാനോ അല്ലെങ്കില്‍ ഈ പരിസരം ഒന്ന് നടന്നു നോക്കുവാനോ സാധ്യമല്ലല്ലോ. ബാങ്കിലെ മോഷണ ശ്രമത്തിനെ കുറിച്ച് ഇവരോട് ചോദിച്ചിട്ടും കാര്യവുമില്ല. മൊസൈക്കിട്ട മിനുസമുള്ള  ഈ കോലായില്‍ ഇരുന്നുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് ഞാന്‍ മനസ്സിലായി. മുറ്റം നിറഞ്ഞു നില്‍ക്കുന്ന പച്ചക്കറിയും നോക്കി അല്‍പ്പനേരം ഇരുന്നപ്പോഴേക്കും മാഡം ചായയുമായി വന്നു.

‘എന്താ ! കൃഷിയില്‍ താല്പര്യമുണ്ടോ?’

പച്ചക്കറിത്തോട്ടത്തിലേക്ക് നോക്കിയിരിക്കുന്നത് കണ്ടു മാഡം ചോദിച്ചു.

‘എനിക്ക് വലിയ ഇഷ്ടമാണ് പച്ചക്കറി കൃഷി. പഠിക്കുന്ന കാലത്ത്  അഗ്രികള്‍ച്ചറല്‍ എക്കണോമിക്സില്‍ പി.എച്ച്ഡി. എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. മാഡം! ഞാനീ തോട്ടമൊക്കെ ഒന്ന് നോക്കി കണ്ടോട്ടെ’

“കൊച്ചിയില്‍ നിന്നും ഇവരുടെ പച്ചക്കറിത്തോട്ടം കാണാന്‍ വേണ്ടി വന്നതല്ല ജാനീ ഞാന്‍. പക്ഷെ എനിക്കാ വീടിന്‍റെ പരിസരം വീക്ഷിക്കുവാനും ജോലിക്കാരുമായെല്ലാം സംസാരിക്കാനും ഇതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം എന്ന് മനസ്സിലാക്കിയപ്പോഴാ ഞാനങ്ങിനെയൊരു മാര്‍ഗ്ഗം പ്രയോഗിച്ചത്.”

‘അതിനെന്താ.. ഞാന്‍ ജോര്‍ജ്ജിനെ വിളിക്കാം. ജോര്‍ജ്ജും ഭാര്യയുമാണ്‌ ഇതെല്ലാം നോക്കുന്നത്’
അപ്പോള്‍ മാഡം പണിക്കാരനെ വിളിച്ചിട്ട് പറഞ്ഞു.

‘ഹേയ് ജോര്‍ജജ് ഇങ്ങോട്ട് വരൂ. ഇദ്ദേഹത്തിന് നമ്മുടെ തോട്ടമെല്ലാം കാണിച്ചു കൊടുക്കൂ.’

പന്തല്‍ കെട്ടുന്ന വെള്ള നിറമുള്ള കയര്‍ കൈത്തണ്ടയില്‍ ചുറ്റി ജോര്‍ജ്ജ് എന്‍റെ അടുത്തേക്ക് ഓടിവന്നു. ഞാന്‍ ജോര്‍ജ്ജിന് കൈ കൊടുത്തു. എന്നിട്ട് ചോദിച്ചു.

‘അഴീക്കോട്‌ ജെട്ടിയിലല്ലേ നിങ്ങള്‍ ജോലി ചെയ്യുന്നത്?’

‘അതെ സാര്‍.’

‘വീട് അങ്ങ് തെക്ക് കുളച്ചലില്‍?’

‘കറക്റ്റ് സാര്‍. ആര് പറഞ്ഞു?’

‘ബോട്ടിലൂടെ കടലില്‍ പോയി മീന്‍ പിടിക്കലല്ലേ ജോലി?’

ജോര്‍ജ്ജ് എന്‍റെ മുഖത്തേക്ക് തന്നെ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ തുടര്‍ന്നു.

‘കടലില്‍ പോകുന്ന ജോര്‍ജ്ജിന്‍റെ ബോട്ടിന്‍റെ ഇരുവശങ്ങളിലും ടയറിന് പകരം ഫെന്‍റെര്‍ ആണ് ഉപയോഗിക്കുന്നത് ല്ലേ അതും പോളിഫോം കമ്പനിയുടെ?’

“ഇത് കേട്ടതും അയാള്‍ അവിടെ ഇരുന്നു ജാനീ. എല്ലാവരുടേയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ട് എന്നോട് പറഞ്ഞു..”

‘പ്രമാദമായിരിക്കുന്നു സാര്‍. അഴീക്കോട് ജെട്ടിയില്‍ 17 ബോട്ടുകള്‍ ഉണ്ട്. അതില്‍ ഞങ്ങളുടെ ബോട്ടില്‍ മാത്രമാണ് ഫെന്‍റെര്‍ ഉപയോഗിക്കുന്നത്. ബാക്കിയെല്ലാവരും ടയര്‍ ആണ് ഉപയോഗിക്കുന്നത്. ഞങ്ങള്‍ ഉപയോഗിക്കുന്നത്  പോളിഫോം കമ്പനിയുടെ ഫെന്‍റെര്‍ തന്നെയാണ്. പക്ഷേ സാറിന് ഇതെങ്ങിനെ അറിയും?’

‘നഥനേയല്‍ കര്‍ത്താവിനോടു ചോദിച്ചതും ഇത് തന്നെയാ. ‘എങ്ങിനെ അറിയുമെന്ന്’. നീ അത്തിമരത്തിന്‍റെ ചുവട്ടിലിരിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നു’ എന്ന് കര്‍ത്താവ്‌ മറുപടി പറഞ്ഞത് മറന്നോ ജോര്‍ജ്ജ്’

ശ്രീദേവി മാഡത്തിന്‍റെ നിര്‍ദ്ദേശപ്രകാരം എനിക്കുള്ള പച്ചക്കറികളെല്ലാം ഒരു കവറിലാക്കിക്കൊണ്ടിരുന്ന ജോര്‍ജ്ജിന്‍റെ ഭാര്യ ഇത് കേട്ടതും അതെല്ലാം അവിടെയിട്ടുകൊണ്ട് ഓടി വന്നു ജോര്‍ജ്ജിന്‍റെ കയ്യില്‍ പിടിച്ചു എഴുന്നേല്‍പ്പിച്ചു. സ്തബ്ധരായി നില്‍ക്കുന്ന അവരെ വിട്ടു കൊണ്ട് ചായ ഗ്ലാസ്സും കയ്യില്‍ പിടിച്ചു ഞാന്‍ തോട്ടത്തിലേക്ക് ഇറങ്ങി നടന്നു. തോട്ടവും പരിസരവും നന്നായി വീക്ഷിച്ചു. ഈ പണിക്കാരുടെ കാല്‍പ്പാടുകള്‍ അല്ലാതെ മറ്റൊന്നും എനിക്കവിടെ നിന്നും ലഭിച്ചില്ല. മതിലിലും പരിസരത്തും നല്ലത് പോലെ നോക്കിയെങ്കിലും കള്ളന്‍റെ ഒരു കാലടയാളം പോലും കിട്ടിയില്ല. ഞാന്‍ ആകെ നിരാശനായി. എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാല്‍ പിന്നെ അതിന്മേല്‍ നിന്നും തുടങ്ങാം എന്ന് കരുതിയതാണ്. ഒന്നും നടന്നില്ല. വീടിനകത്തേക്ക് കയറാന്‍ കഴിഞ്ഞെങ്കില്‍ കുറച്ചെങ്കിലും കാര്യമുണ്ടാകുമായിരുന്നു. നിരാശയോടെ ഞാന്‍ തിരിച്ച് നടന്നു. കയ്യിലെ ഗ്ലാസ് അരത്തിണ്ണയില്‍ വെച്ച് മുകുന്ദന്‍ സാറിനെ മാടി വിളിച്ചു. അദ്ദേഹം അടുത്തെത്തിയതും ഞാന്‍  കാറില്‍ കയറി ഇരുന്നു. എല്ലാം മനസ്സിലായ അദ്ദേഹവും പിന്നാലെ വന്നു കാറില്‍ കയറി. ഒരു മോഷണം നടന്നാല്‍ അന്വേഷകന്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചുള്ള എന്‍റെ പരിചയക്കുറവും അജ്ഞതയും എനിക്ക് ശരിക്കും ബോധ്യപ്പെട്ടു. കാര്‍ മുന്നോട്ടു നീങ്ങി. എന്‍റെ കലങ്ങിയ മനസ്സ് വായിച്ചപോലെ മുകുന്ദന്‍ സാര്‍ പറഞ്ഞു.

‘സാരമില്ല. അത് വിട്ടേക്കൂ. ഇത് താങ്കളുടെ പരാജയമല്ല. മറിച്ച് എനിക്ക് കാര്യങ്ങള്‍ വിശദമായി താങ്കളോട് പറയാന്‍ സാധ്യമല്ലാത്ത ഒരു അവസ്ഥ ആയതുകൊണ്ടാണ്‌.’

‘ഈ സംഭവത്തില്‍ സാറിന് ആരെയെങ്കിലും സംശയം ഉണ്ടോ?’

‘ഇല്ല’

‘ജോലിക്കാരെ ആരെയെങ്കിലും?’

‘നോ. നെവര്‍. അവര്‍ക്കാര്‍ക്കും അറിയില്ല ഈ ഡോക്യുമെന്‍റ്സ് വീട്ടിലുള്ള വിവരം’ 

‘എത്ര പണിക്കാരുണ്ട്‌?’

‘അകം പണിക്ക് ഒരു പ്രായമായ സ്ത്രീയുണ്ട്. ഭര്‍ത്താവ് മരിച്ചതിനാല്‍ ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി വരാറില്ല. ഉണ്ടായാലും എന്‍റെ റൂമിലൊന്നും അവര്‍ കയറാറില്ല. പിന്നെ പുറം പണിക്ക് ടെസ്സിയുണ്ട്‌. ജോര്‍ജ്ജിന്‍റെ ഭാര്യ. ഇടയ്ക്ക് അവളുടെ സഹായത്തിനായി ജോര്‍ജ്ജും വരും. നമ്മുടെ ഗേറ്റിന്‍റെ എതിര്‍വശത്താണ് അവരുടെ വീട്. പക്ഷേ അവരെല്ലാം വിശ്വസ്ഥരാണ്. ജോര്‍ജ്ജ് പത്തിരുപത് കൊല്ലമായി നമ്മുടെ നാട്ടിലുണ്ട്. ടെസ്സിയെ കല്യാണം കഴിച്ചതിന് ശേഷം അവളോടൊപ്പം പണിക്കായി നമ്മുടെ വീട്ടില്‍ മിക്കപ്പോഴും ഉണ്ടാകും.’

‘ഈ ടെസ്സി എങ്ങിനെയാ?’

‘അയ്യോ. അവള്‍ പാവമാണ്. ശ്രീദേവിയുടെ വീടിന് തൊട്ടടുത്താണ് അവളുടെ വീട്. ടെസ്സിയുടെ അമ്മയും ശ്രീദേവിയുടെ വീട്ടിലായിരുന്നു ജോലി ചെയ്തിരുന്നത്’

‘എവിടെ നിന്നാണ് ഈ ഡോക്യുമെന്‍റ്സ് നഷ്ടപ്പെട്ടത്?’

‘എന്‍റെ റൂമിലെ സേഫില്‍ നിന്ന്’

‘എത്ര നാളായി അതവിടെ ഇരിക്കുന്നു?’

‘ഒരു നാള്‍ പോലും ഇല്ല. കൊണ്ട് വന്ന അന്ന് രാത്രി തന്നെ അത് മോഷണം പോയി’

‘സേഫ് കുത്തിത്തുറന്ന നിലയിലായിരുന്നോ?’

‘അല്ല. താക്കോല്‍ ഉപയോഗിച്ച് തന്നെയാണ് തുറന്നിട്ടുള്ളത്. അതിന് ശേഷം സേഫ് പൂട്ടിയിട്ട് ആ താക്കോലും കള്ളന്‍ കൊണ്ട് പോയി.’

‘സേഫ് കള്ളന്‍ പൂട്ടി പോയെങ്കില്‍ ഡോക്യുമെന്‍റ്സ് നഷ്ടപ്പെട്ടത് സാറിനെങ്ങിനെ മനസ്സിലായി?’

‘സേഫിന് രണ്ട് താക്കോലാണ് ഉണ്ടായിരുന്നത്. ഒന്ന് എന്‍റെ കയ്യിലും മറ്റേത് ശ്രീദേവിയുടെ കയ്യിലും. എന്‍റെ താക്കോല്‍ കൂട്ടത്തില്‍ നിന്നും സേഫിന്‍റെ താക്കോല്‍ കാണാതെയായപ്പോഴാണ് എനിക്ക് സംശയം ഉണ്ടായത്. ഉടന്‍ ശ്രീദേവിയുടെ താക്കോല്‍ കൊണ്ട് സേഫ് തുറന്നു നോക്കി. അപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്’

‘ഈ ഡോക്യുമെന്‍റ്സ് കിട്ടിയാല്‍ ഉപകാരമുള്ളവരുടെ പേരുകള്‍ ഞാന്‍ ചോദിക്കുന്നതില്‍ വിരോധമുണ്ടോ?’

‘സോറി. ഇറ്റ്‌സ് പേഴ്സണല്‍ മേറ്റര്‍’

‘സാര്‍ ഈ ഡോക്യുമെന്‍റ്സ് കൊണ്ട് വരുന്നത് ബാങ്കിലും വീട്ടിലുമുള്ള  ആരെങ്കിലും കണ്ടിരുന്നോ?’

‘ഒരാള്‍ പോലും കണ്ടിട്ടില്ല. വര്‍ഷങ്ങളായി ഞാന്‍ എന്‍റെ ബാങ്കിലെ ലോക്കറിലാണ് അത് സൂക്ഷിച്ചിരുന്നത്’

‘ഇത്ര നാളും ലോക്കറിലുണ്ടായിരുന്നത് എന്തിനാണ് വീട്ടില്‍ കൊണ്ട് വന്നത്?’

‘ഞാന്‍ പറഞ്ഞിരുന്നല്ലോ. ബാങ്കില്‍ നിന്നും ആരോ പണം കവരാന്‍ ശ്രമം നടത്തിയിരുന്നതിനെ കുറിച്ച്. വളരെ പ്രധാനപ്പെട്ട ഒന്നായത് കൊണ്ട് ഈ ഡോക്യുമെന്‍റ്സ് അവിടെ നിന്നും മാറ്റുന്നതാ ബുദ്ധി എന്ന് എനിക്ക് തോന്നി.’

‘ഈ ഡോക്യുമെന്‍റ്സ് കൂടാതെ സേഫില്‍ നിന്ന് മറ്റെന്തെങ്കിലും നഷ്ട്ടപ്പെട്ടിരുന്നോ?’

‘ഉവ്വ്. എന്‍റെ ഒരു കാസിയോ വാച്ചും പിന്നെ 3200 രൂപയും’

‘പണം എണ്ണിയാണോ വെച്ചിരുന്നത്?’

‘അല്ല. പക്ഷേ പണത്തിന്‍റെ ആ കെട്ടില്‍ നിന്നും 1800 രൂപ ഞാന്‍ എടുത്തിട്ടുണ്ടായിരുന്നു’

‘ഡോക്യുമെന്‍റ്സ് എന്തിലാണ് ഉണ്ടായിരുന്നത്?. എന്തെങ്കിലും ബാഗോ കവറോ അങ്ങിനെ എന്തെങ്കിലും?’

‘ഒരു പ്ലാസ്റ്റിക് എന്‍വെലപ്പില്‍ ആക്കിയിട്ട് അതെല്ലാം ഒരു ഷോപ്പിംഗ് കവറില്‍ ഇട്ടിട്ടു മടക്കി വെച്ചിരുന്നു’

‘ഏത് ഷോപ്പിന്‍റെ കവര്‍?’

‘അതോര്‍ക്കുന്നില്ല. ചുവപ്പും വെള്ളയും കളറുള്ള ഒരു കവറായിരുന്നു’

റോഡിന്‍റെ വശത്തുള്ള ഒരു ബില്‍ഡിംഗിന് സമീപം അദ്ദേഹം കാര്‍ നിര്‍ത്തിയിട്ട് പറഞ്ഞു.

‘ഇതാ.. ഇതാണ് എന്‍റെ ബാങ്ക്’

ഷട്ടര്‍ താഴ്ത്തിയിട്ടിരിക്കുന്ന കുറച്ചു കടകളുള്ള ഒരു ബില്‍ഡിംഗ്‌ ആയിരുന്നു അത്. ഒരറ്റത്തുള്ള ബാര്‍ബര്‍ ഷോപ്പ് മാത്രം തുറന്നിട്ടുണ്ട്.

‘ഈ ബില്‍ഡിംഗ്‌ മൊത്തം ഞങ്ങളുടെയാ. മുകളിലുള്ള ബാങ്ക് ഒഴികെ മറ്റുള്ള കടകളെല്ലാം വാടകയ്ക്ക് കൊടുത്തിരിക്കുകയാ. ഇന്ന് ഞായറാഴ്ച്ച ആയതിനാല്‍ കടകള്‍ മുടക്കമാണ്’

മുകുന്ദന്‍ സാര്‍ കാര്യങ്ങള്‍ വിവരിക്കുന്നതിനിടയില്‍ ഞാന്‍ കാറില്‍ നിന്നും ഇറങ്ങി. മോഷണ ശ്രമം നടന്നതല്ലേ. ഒന്ന് നോക്കിക്കളയാം. നമുക്കൊന്നു കയറി നോക്കിയാലോ സാര്‍ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.

‘അതിന്‍റെ ആവശ്യമുണ്ടോ? ഡോക്യുമെന്‍റ്സ് നഷ്ടപ്പെട്ടത് എന്‍റെ വീട്ടില്‍ വെച്ചല്ലേ’

‘അത് സാരമില്ല. ഇവിടെ വരെ വന്നതല്ലേ. ഒന്ന് കയറിക്കളയാം’

“കളിക്കളത്തില്‍ പരാജിതനായി വീണ ഒരു പോരാളിയെ പോലെ എന്‍റെ മനസ്സ് പിടയുകയായിരുന്നു ജാനീ അപ്പോള്‍. ഇദ്ദേഹത്തിന്‍റെ വീട്ടിലെ അന്വേഷണത്തില്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ബാങ്കിലെ കവര്‍ച്ചാ ശ്രമത്തെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കില്‍ അതെല്ലാം വിവരിച്ചു കൊടുത്തിട്ട് ഇദ്ദേഹത്തിന്‍റെ മുമ്പില്‍ ഒരല്‍പ്പം അഭിമാനം സംരക്ഷിക്കാമായിരുന്നു. മോഹഭംഗം വന്ന എന്‍റെ മനസ്സിന് അതൊരു ആശ്വാസമാവുകയും ചെയ്യും. ഞാന്‍ കാറില്‍ നിന്നും ഇറങ്ങി ബാങ്കിന്‍റെ സമീപത്തേക്ക് നടന്നു. പലചരക്ക് കടയുടേയും ഒരു ടെക്സ്റ്റയില്‍ ഷോപ്പിനുമിടയിലൂടെയുള്ള കോണി വഴിയാണ് മുകളിലെ ബാങ്കിലേക്ക് പോകേണ്ടത്. പക്ഷേ അവിടെയൊരു ഗേറ്റ് ഉണ്ട്. അത് താഴിട്ടു പൂട്ടിയിരിക്കുകയാണ്. ഞാന്‍ നോക്കുന്നത് കണ്ടു മുകുന്ദന്‍ സാര്‍ പറഞ്ഞു..”

‘ഗേറ്റിന്‍റെ ചാവി പിയൂണിന്‍റെ കയ്യിലാണ്. അയാള്‍ നാളെ രാവിലെയേ വരികയുള്ളൂ.’

‘ഈ ഗേറ്റ് അടച്ചുപൂട്ടിയിടുമെങ്കില്‍ പിന്നെയെങ്ങിനെയാ അന്ന് കള്ളന്‍ കയറാന്‍ ശ്രമം നടത്തിയത്?’

‘അത് പുറകിലൂടെയാ. ബാല്‍ക്കണിയുടെ കൈവരിയില്‍ കയര്‍ ഇട്ടു കൊണ്ട് കയറിയിട്ട് അവിടെയുള്ള ഗ്രില്ലിന്‍റെ വാതിലിലെ താഴ് അറുത്തുമാറ്റാന്‍ ശ്രമിച്ചു.’

അതും പറഞ്ഞു അദ്ദേഹം ബാങ്കിന്‍റെ പുറകു വശത്തേക്ക് നടന്നു. ഞാനും ഒപ്പം നടന്നു. എന്നിട്ട് ചോദിച്ചു.

‘കയര്‍ കൊണ്ടാണ് കയറിയത് എന്ന് സാറിന് എങ്ങിനെ മനസ്സിലായി?’

പുറത്തുള്ള ബാത്ത്റൂമിന്‍റെ അരികില്‍ നിന്നും ഒരു പോളിസ്റ്റര്‍ റോപ്പ് എടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

‘ഇതാ ഈ കയറിന്‍റെ അറ്റത്ത്‌ ഇവിടെ എവിടെയോ ഉണ്ടായിരുന്ന ഒരു തൂമ്പ കെട്ടിയിട്ട് മുകളില്‍ ബാല്‍ക്കണിയിലേക്ക് എറിയുകയും പിന്നെ അതില്‍ പിടിച്ചിട്ടു കയറുകയുമാണ് ചെയ്തത്. പിറ്റേന്ന് രാവിലെ ഞാനാണ് ഈ കയര്‍ എടുത്തു താഴേക്ക് ഇട്ടത്’

രണ്ട് അറ്റത്തിന്‍റെയും ഇഴകള്‍ അല്‍പ്പം അഴിഞ്ഞ നിലയിലുമുള്ള ആ കയര്‍ അദ്ദേഹം എനിക്ക് കാണിച്ചു തന്നു. ഞാന്‍ ആ കയര്‍ വാങ്ങി നോക്കിയിട്ട് തിരിച്ചു കൊടുത്തു. പിന്നെ ഞാന്‍ ആ പരിസരമെല്ലാം നന്നായി പരിശോധിച്ചു. പുറകുവശത്തെ മൂലയിലുണ്ടായിരുന്ന ഹാക്ക്സോ ബ്ലേഡ് കൊണ്ട് മുറിയ്ക്കാന്‍ ശ്രമിച്ച താഴും കയറില്‍ കെട്ടിയിരുന്ന തൂമ്പയും മണ്ണിലെ കാല്‍പ്പാടുകളും നിലത്തു കിടന്ന സിഗരറ്റു കുറ്റികളുമടക്കം എല്ലാം കൃത്യമായി പരിശോധിച്ചു. എന്നിട്ട് ഞാന്‍ ചോദിച്ചു

‘കൊണ്ട് വന്ന കയര്‍ എന്തു കൊണ്ട് കള്ളന്‍ തിരിച്ചു കൊണ്ട് പോയില്ല?’

‘ഇത് കള്ളന്‍ കൊണ്ട് വന്നതൊന്നുമല്ല. ഇവിടെ നിന്നും അഴിച്ചെടുത്തതാണ്. വൈകുന്നേരങ്ങളില്‍ ഉള്ളിലേക്ക് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ഇവിടെ ഒരു ടാര്‍പോളിന്‍ കെട്ടി വെച്ചിരിന്നു. അത് വലിച്ചു കെട്ടാന്‍ വേണ്ടി വീട്ടില്‍ നിന്നും ഞാന്‍ കൊണ്ട് വന്ന കയറാണിത്. നമ്മുടെ ജോര്‍ജ്ജ് ആണ് ഇതിവിടെ കെട്ടിയത്’

‘സംഭവം ആദ്യം കണ്ടത് പിയൂണ്‍ ആയിരിക്കും ല്ലേ’

‘അതെ’

‘ആള്‍ പുക വലിക്കുമോ?’

‘വലിക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ കണ്ടിട്ടില്ല.’

‘ചെറുപ്പക്കാരനാണല്ലേ?’

‘അതെ. ഒരു പത്തു മുപ്പത് വയസ്സ് കാണും’

‘അയാള്‍ അടുത്തെങ്ങാനും ഊട്ടിയിലേക്ക് ടൂര്‍ പോയിട്ടുണ്ടോ?’

‘ഉണ്ട്! കുറച്ചു ദിവസം മുമ്പ് ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോയിരുന്നു. പക്ഷെ താങ്കള്‍ക്ക് ഇത് എങ്ങിനെ മനസ്സിലായി? നേരത്തെ ജോര്‍ജ്ജിനോടും ഇത്തരത്തില്‍ ചോദിക്കുന്നത് കേട്ടല്ലോ. ഈ കാര്യങ്ങള്‍ എല്ലാം എങ്ങിനെയാണ്  മനസ്സിലാക്കുന്നത് എന്ന് കൂടി പറയൂ.’

“ജാനീ, എന്‍റെ ഉദ്ദേശം ഇവിടെ വിജയിച്ചു. വീട്ടിലെ മോഷണം കണ്ടു പിടിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷെ ബാങ്കിലെ മോഷണശ്രമത്തിലെ എന്തെങ്കിലും പറയാന്‍ കഴിഞ്ഞാല്‍ എന്‍റെ പരാജയത്തിന്‍റെ കടുപ്പം ഒന്ന് കുറയുമല്ലോ എന്നോര്‍ത്താണ് ഞാന്‍ ബാങ്കില്‍ ഒന്ന് കയറാം എന്ന് വിചാരിച്ചത്. ഒരു മനസ്സമാധാനത്തിന് ഇതെങ്കിലും കിട്ടിയല്ലോ. കാറിനടുത്തേക്ക് തിരിച്ചു നടക്കുമ്പോള്‍ മുകുന്ദന്‍ സാറിനോട് ഞാന്‍ പറഞ്ഞു തുടങ്ങി..”

‘സാര്‍, ബാങ്കിന് പുറകില്‍ കുറെയധികം കാല്‍പ്പാടുകളുണ്ട്. ബാങ്കിലെ സ്റ്റാഫ് ബാത്ത്റൂമിലേക്ക് പോയതിന്‍റെയും മറ്റുമാണത്. എന്നാല്‍ കൂടുതല്‍ കണ്ട കാലടയാളം പിയൂണിന്‍റെയാകാനേ സാധ്യതയുള്ളൂ. ഇന്നലെ ശനിയാഴ്ച്ച ബാങ്കിന്‍റെ ഗേറ്റും ബാത്ത്റൂമുമെല്ലാം പൂട്ടിയതും അയാളാകുമല്ലോ. മാത്രമല്ല ഒരുപാട് സിഗരറ്റ് കുറ്റികളും കിടക്കുന്നു. കൂടുതല്‍ പുക വലിക്കുന്ന അയാള്‍ തന്നെ അധിക സമയവും ഇവിടെ ഉണ്ടായിരുന്നത്. സിഗരറ്റ്  കുറ്റികള്‍ മുഴുവനായും ഗോള്‍ഡ്‌ ഫ്ലേക്കിന്‍റെയാണ്. സിസറും ബീഡിയും വലിക്കുന്ന മുതിര്‍ന്ന തലമുറയല്ല മറിച്ച് ഫില്‍ട്ടര്‍ സിഗരറ്റ് വലിക്കുന്ന ചെറുപ്പക്കാരനാവും എന്ന് എനിക്ക് തോന്നി. ചെരിപ്പിന്‍റെ അടയാളം സാര്‍ ശ്രദ്ധിച്ചോ? അത് കോലാപ്പുരി ചെരിപ്പാണ്. 80 കളുടെ അവസാനത്തില്‍ നമ്മുടെ നാട്ടില്‍ ഈ ചെരുപ്പ് എത്തിയെങ്കിലും അത്ര സുലഭമല്ലായിരുന്നു. ഊട്ടിയില്‍ പോയി വന്ന ഒരു സുഹൃത്ത്‌ എനിക്ക് സമ്മാനിച്ചിട്ടുണ്ടായിരുന്നു ഇത് പോലെയൊരെണ്ണം.’

“പക്ഷെ എസ്കേ, എന്‍റെ ഒപ്പം പഠിച്ച ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ പണ്ട് ബോംബയില്‍ നിന്നും വരുമ്പോള്‍ കോലാപ്പുരി ചെരുപ്പ് കൊണ്ട് വന്നത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.”

“ഉണ്ടായിരിക്കാം ജാനീ. മഹാരാഷ്ട്ര ഇതിന്‍റെ കേന്ദ്രമാണ്. പക്ഷേ, ഞാന്‍ മുകുന്ദന്‍ സാറിനോട് ഒരു ഊഹം പറഞ്ഞതായിരുന്നു. അത് ശരിയായത് കണ്ടോ? മാത്രമല്ല കാല്‍ നൂറ്റാണ്ട് മുമ്പത്തെ സംഭവമാണ് ഞാന്‍ പറയുന്നത്. അന്നൊന്നും എല്ലാവരിലും ഞാന്‍ കണ്ടിട്ടില്ല ഈ ചെരുപ്പ്.”

“ശരിയാ. സംഭവത്തിന്‍റെ പഴക്കം ഞാന്‍ അത്ര ആലോചിച്ചില്ല. ആട്ടെ, ജോര്‍ജ്ജിന്‍റെ കാര്യമോ? അയാളുടെ സ്ഥലവും തൊഴിലുമെല്ലാം എസ്കെ പറഞ്ഞല്ലോ. അതെങ്ങിനെയാ?”

“ഞാന്‍ അവിടെ കയറി ചെല്ലുമ്പോള്‍ തന്നെ ജോര്‍ജ്ജിനെ കണ്ടിരുന്നു. കന്യാകുമാരിയിലുള്ള എന്‍റെ സുഹൃത്തിന്‍റെ സംസാര ശൈലിയായിരുന്നു അയാള്‍ക്ക്‌. എന്‍റെ അടുത്തേക്ക് വരുമ്പോള്‍ പാഷന്‍ ഫ്രൂട്ടിനായുള്ള പന്തല്‍ കെട്ടുന്ന കയറും കൊണ്ടാണ് വന്നത്. ആ കയറിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. രണ്ടറ്റവും കയറിന്‍റെ ഇഴകള്‍ വേര്‍പ്പെടുത്തി വട്ടത്തില്‍ ഒരു കുടുക്ക് പോലെയാക്കി വിടര്‍ത്തിയ കയറിഴകള്‍ അതിലേക്ക് തന്നെ വെച്ച് ഇഴ ചേര്‍ക്കും. ബോട്ടിന്‍റെ ഫെന്‍റെറില്‍ കെട്ടാനാണ് ഇങ്ങിനെ ഉപയോഗിക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത്”

“എന്താണ് ഈ ഫെന്‍റെര്‍ എന്ന് പറയുന്നത്?”

“ബോട്ട് കരയ്ക്ക്‌ അടുപ്പിക്കുമ്പോള്‍ കരയിലെ തിണ്ണയിലോ കല്ലിലോ ചെന്ന് അടിക്കാതിരിക്കാന്‍ നമ്മുടെ നാട്ടിലെ ബോട്ടിന്‍റെ വശങ്ങളില്‍ കെട്ടുന്ന ടയറുകള്‍ കണ്ടിട്ടില്ലേ. എന്നാല്‍ ശരിക്കും ആ സ്ഥാനങ്ങളില്‍ ഫെന്‍റെര്‍ (Fender) ആണ് ഉപയോഗിക്കുക. ഉള്ളില്‍ എയര്‍ അടിച്ചു കയറ്റി വീര്‍പ്പിച്ച ഈ റബ്ബര്‍ സഞ്ചി ബോട്ടിന്‍റെ വശങ്ങളില്‍ കെട്ടും. ഫെന്‍റെറിന്‍റെ രണ്ടു വശത്തും രണ്ട് ദ്വാരങ്ങളുണ്ടാകും. അവിടെയാണ് ഇത്തരത്തില്‍ പിരിച്ചു വെച്ച കയറുകള്‍ കെട്ടുക.”

ഇതും പറഞ്ഞ് എസ്കെ എനിക്ക്  ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്ത് അതെല്ലാം കാണിച്ചു തന്നു.








“നമ്മുടെ കടലില്‍ മീന്‍ പിടിക്കുന്ന വിദേശ നിര്‍മ്മിത കപ്പലുകള്‍ക്കുള്ള ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റ്ന്‍റെ അനുമതി പത്രം കൊടുക്കുന്ന പരിപാടി റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രധാന മന്ത്രിക്ക് കത്തയച്ച ധീരനായ ഒരു ട്രെയിനെര്‍ ഉണ്ടായിരുന്നു എനിക്ക്. രാജസ്ഥാനിയായ കൃഷ്ണ മോഹന്‍ യാദവ് സാര്‍. അദ്ദേഹമാണ് എനിക്ക് ഈ കയറുകള്‍ കെട്ടുന്ന രീതികള്‍ പഠിപ്പിച്ചു തന്നത്. ആദ്യ ആറുമാസം ഞാന്‍ ചെയ്തിരുന്ന ജോലി ഇത്തരത്തില്‍ കയറുകളുടെ അവസാനത്തില്‍ ഇഴ വിടര്‍ത്തി വീണ്ടും അവയ്ക്കിടയില്‍ ഇഴ ചേര്‍ത്ത് ഇങ്ങിനെ ഫെന്‍റെറില്‍ കെട്ടുകയായിരുന്നു. അതിനാല്‍ പോളിസ്റ്റര്‍, നൈലോണ്‍,കോട്ടന്‍ തുടങ്ങിയ 40 മില്ലി വരെയുള്ള കയറുകള്‍ കെട്ടാന്‍ എനിക്ക് നല്ല പരിചയം കിട്ടി. ഫെന്‍റെര്‍,ഏങ്കര്‍,റാഫ്റ്റ്,ബോയ തുടങ്ങിയവയിലെല്ലാം ഞാന്‍ അന്ന് കയര്‍ ഇത്തരത്തില്‍ കെട്ടിയിട്ടുണ്ട്. ഇതു മൂലം വീട്ടില്‍ ഉപയോഗിക്കുന്ന ചകിരിക്കയറും പ്ലാസ്റ്റിക് കയറും അടക്കം ഏത് കയര്‍ കണ്ടാലും അതിന്‍റെ സൈസും ഗുണമേന്മയും എല്ലാം ഒറ്റ നോട്ടത്തില്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അപ്പോള്‍പ്പിന്നെ എന്‍റെ മുന്നിലേക്ക്‌ ഇത് പോലെ ഒരു ഫെന്‍റെര്‍ കയറും പിടിച്ചു വരുന്ന ജോര്‍ജ്ജിനെ കണ്ടാല്‍ ഞാന്‍ എന്ത് മനസ്സിലാക്കണം. പിന്നെ എന്‍റെ ഊഹങ്ങള്‍ ഞാന്‍ കണ്ണി ചേര്‍ത്തു. ഇയാള്‍ ബോട്ടുമായി ബന്ധമുള്ളവനാണ്. ഒന്നുകില്‍ ഒരു നാവികന്‍. അല്ലെങ്കില്‍ കടലില്‍ ബോട്ടില്‍ പോകുന്നവന്‍. ഒന്നാമത്തെ സാധ്യത അവിടുത്തെ ജോലി കണ്ടപ്പോള്‍ മാറി. പിന്നെ ബോട്ടില്‍ പോകുന്നവനാവും. കൂടാതെ കന്യാകുമാരി ഭാഷാ ശൈലി. അന്നൊക്കെ കന്യാകുമാരിയിലെ കുളച്ചിലില്‍ നിന്നും കടലില്‍ മീന്‍ പിടിക്കുന്ന തൊഴിലിനു വേണ്ടി ആളുകള്‍ വന്നിരുന്നു. നമ്മുടെ ഇവിടേയും ചാവക്കാട് കടപ്പുറത്തും അഴീക്കോടുമെല്ലാമായി ഇവര്‍ തമ്പടിച്ചിട്ടുണ്ടായിരുന്നു. ജോര്‍ജ്ജും അതിലുള്‍പ്പെട്ടവന്‍ തന്നെ. മാത്രമല്ല പോളിഫോമിന്‍റെ ഡീലര്‍ഷിപ്പ് ഉള്ള ഡോള്‍ഫിന്‍ എന്ന കമ്പനി കൊടുങ്ങല്ലൂര്‍ ഉള്ളതും എനിക്കറിയാം. ഇവരായിരുന്നു ഞങ്ങള്‍ക്കും ഫെന്‍റെര്‍ തന്നിരുന്നത്. ഈ സാധ്യതകള്‍ എല്ലാം ചേര്‍ത്ത് ഞാന്‍ പറഞ്ഞു നോക്കിയതാ”

“അതിശയമായിരിക്കുന്നു എസ്കേ. പക്ഷേ, ആത്യന്തികമായി ഈ കേസ് പരാജയമായിപ്പോയല്ലോ. ആ വീട്ടിലേക്കു കയറാന്‍ സാധിച്ചിരുന്നെങ്കില്‍ ഉറപ്പായിട്ടും എസ്കെ വിജയിക്കുമായിരുന്നു അല്ലേ. ആട്ടെ. എല്ലാം കേട്ടിട്ട് മുകുന്ദന്‍ സാര്‍ എന്ത് പറഞ്ഞു”

“പിന്നെ ഞാന്‍ അവിടെ നിന്നില്ല ജാനീ, എനിക്ക് വീട്ടില്‍ പോകേണ്ടത് കാരണം കൊടുങ്ങല്ലൂര്‍ ഇറങ്ങി. എന്നെ കൊച്ചി വരെ കൊണ്ട് പോയാക്കിത്തരാന്‍ മുകുന്ദന്‍ സാര്‍ തയ്യാറായെങ്കിലും ഞാന്‍ സമ്മതിച്ചില്ല. അദ്ദേഹം പിന്നെ അവിടെ നിന്നും ഇരിങ്ങാലക്കുടയിലേക്കോ മറ്റോ യാത്രയായി. കാര്യങ്ങള്‍ ഇത്രയൊക്കെ ആയെങ്കിലും എന്‍റെ ഉള്ളില്‍ ഒരു സംശയത്തിന്‍റെ കനല്‍ എരിയുന്നുണ്ടായിരുന്നു. എനിക്കെന്തോ വീട്ടിലേക്ക് പോകാന്‍ തോന്നിയില്ല. എന്‍റെ ഊഹം ശരിയാണെങ്കില്‍... ഒരു പക്ഷേ ഈ കേസിലെ പ്രതി........ യെസ്! സാധ്യതയുണ്ട്. ഞാന്‍ കുറെ എന്‍റെ ചിന്തകളെ കൂട്ടിക്കിഴിച്ചു. ഒരാനന്ദമായിരുന്നു ജാനീ അപ്പോള്‍. എന്‍റെ അന്വേഷണങ്ങള്‍ വിഫലമായില്ല എന്നൊരു തോന്നല്‍. രാവിലെ മുതല്‍ നട്ടുച്ച വരെ ഞാന്‍ ആലോചിട്ട് ഒരു പിടിയും കിട്ടാത്ത ഈ കേസിന് ഒരു തുമ്പ് ഉണ്ടാകാന്‍ പോകുന്നു. പിന്നെ ഞാനൊന്നും ആലോചിച്ചില്ല. ഞാന്‍ തിരികെ മുകുന്ദന്‍ സാറിന്‍റെ വീട്ടിലേക്കു തന്നെ പോയി”

“മുകുന്ദന്‍ സാറിന്‍റെ വീട്ടിലേക്കോ? അതെന്തിന്?. എന്തായിരുന്നു എസ്കെയുടെ ഊഹം?. പ്രതി ആരാകാനാണ് സാധ്യത?”

“അത് പറയാം. അതിനു മുമ്പ് ജാനി പറയൂ. ഇവിടെ വരെ ഞാന്‍ വിവരിച്ചതില്‍ നിന്ന് ഈ കേസിനെ കുറിച്ച് ജാനിയുടെ വിലയിരുത്തല്‍ എന്താണ്?”

“ഒരു തലയും വാലും ഇല്ലാത്ത കേസായിട്ടാണ് ഇത് എനിക്ക് തോന്നുന്നത്. എന്നാലും ചില കാര്യങ്ങളില്‍ സംശയം തോന്നുന്നു. മുകുന്ദന്‍ സാര്‍ ഭാര്യയില്‍ നിന്നും അനിയനില്‍ നിന്നും ഡോക്യുമെന്‍റ്സിന്‍റെ കാര്യും മറച്ചു പിടിക്കുന്നുവെങ്കില്‍ ഒരു പക്ഷെ അത് അദ്ദേഹത്തിന്‍റെ പൂര്‍വ്വ പ്രേമ ബന്ധവുമായി ബന്ധപ്പെട്ടതാകും. തന്‍റെ മാനഹാനി പേടിച്ചായിരിക്കും അദ്ദേഹം ഇതെല്ലാം രഹസ്യമാക്കിയത്. അതുകൊണ്ടാവും ഇത് മറ്റാരും അറിയരുത് എന്ന് ശഠിക്കുന്നത്. പിന്നെ ബാങ്കിലെ പിയൂണ്‍ ഇതില്‍ കളിച്ചിട്ടുണ്ടോ എന്നും ഒരു സംശയം ഉണ്ട്. കാരണം മുകളിലേക്ക് കയറാനുള്ള കയര്‍ എടുത്തത്‌ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ കെട്ടിയ ടാര്‍പ്പോളിനില്‍ നിന്നുമാണ്. അവിടെ കയര്‍ ഉണ്ട് എന്ന് അറിയാവുന്നത് ബാങ്കുമായി ബന്ധപ്പെട്ടവരുമായിരിക്കും. ഇയാളാണെങ്കില്‍ പുക വലിക്കാനായി കൂടെ കൂടെ ബാങ്കിന് പുറകു വശത്തേക്ക് വരുന്ന ആളുമാണ്. അപ്പോള്‍ ചെറിയ ഒരു സാധ്യതയുണ്ട്. എന്താ എസ്കേ ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ? അതോ എസ്കെയുടെ ചിന്തയില്‍ വേറെ എന്തെങ്കിലുമുണ്ടോ?”

“ജാനിയെപ്പോലെ ഞാനും ഇത് പോലെ വിവരങ്ങളെല്ലാം കേട്ടതാണെങ്കില്‍ ഇങ്ങിനെ തന്നെയാണ് വിചാരിക്കുക. പക്ഷേ ഞാന്‍ അവിടെപ്പോയി രംഗങ്ങളെല്ലാം കണ്ടതല്ലേ. സത്യം പറഞ്ഞാല്‍ ഞാന്‍ മുകുന്ദന്‍ സാറിന്‍റെ വീട്ടിലേക്ക് തിരിച്ചു പോകാന്‍ കാരണം നഷ്ടപ്പെട്ട ഡോക്യുമെന്‍റ്സുകളോ പിയൂണിനെക്കുറിച്ചുള്ള സംശയങ്ങളോ അല്ല. മറിച്ച് എന്നെ അവിടെ ആഘര്‍ഷിച്ചത് മുകളിലേക്ക് കയറാനായി കള്ളന്‍ ഉപയോഗിച്ച ആ കയറാണ്. അതിന്‍റെ രണ്ടറ്റങ്ങളിലും ഇഴകള്‍ വേര്‍പ്പെട്ടത് എന്തിനായിരിക്കും? ഇവിടെ ടാര്‍പ്പോളിനോട് കൂടി കെട്ടി വെച്ച 16 മില്ലി മാത്രം വരുന്ന ഈ പോളിസ്റ്റര്‍ കയര്‍ എന്തു കൊണ്ട് കള്ളന്‍ മുറിച്ചെടുത്തില്ല. അയാളുടെ കയ്യിലാണെങ്കില്‍ ഹാക്സോ ബ്ലേഡ് ഉണ്ടുതാനും. പകരം അയാള്‍ ചെയ്തതോ രണ്ടറ്റവും ബന്ധിച്ചിരുന്ന കയര്‍ അറുക്കാതെ അതിലെ ഇഴകള്‍ വേര്‍പ്പെടുത്തി അഴിച്ചെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു കള്ളനും അങ്ങിനെ ചെയ്യില്ല. ചെയ്‌താല്‍ തന്നെ അയാള്‍ക്ക്‌ ഇങ്ങിനെ അഴിച്ചെടുക്കാനും കഴിയില്ല. കൃത്യമായി ഇത്തരത്തില്‍ കയര്‍ കെട്ടാന്‍ അറിയുന്നവര്‍ക്കോ അല്ലെങ്കില്‍ അവിടെ അങ്ങിനെ കയര്‍ കെട്ടിയവര്‍ക്കോ അതിന് സാധ്യമാവുകയുള്ളൂ. മാത്രമല്ല അതഴിക്കുന്നതില്‍ സമര്‍ത്ഥനാവുകയും വേണം. ഇവിടെയാണ്‌ കയറിന്‍റെ ഇഴകള്‍ അഴിച്ചെടുത്ത്‌ കെട്ടുന്ന മിടുക്കനായ ജോര്‍ജ്ജ് എന്‍റെ മനസ്സിലേക്ക് കടന്നു വന്നത്. ഇഴകള്‍ അഴിച്ച് വൃത്താകൃതിയാക്കി ടാര്‍പ്പോളിനോട് കൂടെ ഇവിടെ കെട്ടിയ ജോര്‍ജ്ജ് തന്നെയാവും ഇതഴിച്ചിട്ടുണ്ടാവുക എന്ന് ഞാന്‍ ഉറപ്പിച്ചു. ഇഴകള്‍ വേര്‍പ്പെട്ട നിലയിലായിരുന്നല്ലോ കയര്‍ ഞാന്‍ കണ്ടത്. അതിനാല്‍ ജോര്‍ജ്ജിനെ കാണുക തന്നെ വേഗം. അതിനാലാണ് ഞാന്‍ അവിടെ നിന്നും തിരിച്ച് മുകുന്ദന്‍ സാറിന്‍റെ വീട്ടിലേക്ക് പോയത്.”

എന്‍റെ ഊഹങ്ങള്‍ കാറ്റില്‍ പറന്നു പോയി. എസ്കെയുടെ ചിന്തയുടെ ഏഴയലത്ത് പോലും അത് എത്തുകയില്ല.

“പെര്‍ഫെക്ട് എക്സ്പ്ലനേഷന്‍എസ്കേ. ഇനിയിപ്പോള്‍ ജോര്‍ജ്ജിനെതിരെ തെളിവായല്ലോ അല്ലേ”

“ഇല്ല ജാനീ. കയര്‍ അഴിക്കാന്‍ അറിയുന്നു എന്നത് കൊണ്ട് അതൊരു തെളിവാകുകയില്ല. കുറച്ചു കാര്യങ്ങള്‍ കൂടി അറിയാനുണ്ട്. അതറിയണമെങ്കില്‍ ജോര്‍ജ്ജിനെ കാണുക തന്നെ വേണം”

“എന്നിട്ട് ജോര്‍ജ്ജിനെ കണ്ടോ?”

“കണ്ടു. ഞാന്‍ ചെല്ലുമ്പോള്‍ അവര്‍ ഭാര്യയും ഭര്‍ത്താവും കൂടി ഉച്ച ഭക്ഷണം കഴിക്കാനായി അവരുടെ വീട്ടിലേക്ക് പോകുകയായിരുന്നു. മുകുന്ദന്‍ സാറിന്‍റെ ഗേറ്റിന് തൊട്ടു മുമ്പില്‍ തന്നെയാണ് അവരുടെ വീട്. എന്നെ കണ്ടതും ടെസ്സി ഓടിവന്നു പറഞ്ഞു”.

‘സാറിനുള്ള പച്ചക്കറികളെല്ലാം ഞാന്‍ പാക്ക് ചെയ്തു വെച്ചിരുന്നു. സാര്‍ ഒന്നും മിണ്ടാതെ പോയത് കാരണം അതൊന്നും തരാന്‍ പറ്റിയില്ല.'

‘അതിനല്ലേ ടെസ്സീ ഞാന്‍ വന്നത്.’ ഞാന്‍ കളമൊന്നു മാറ്റിക്കളിച്ചു. അപ്പോഴേക്കും ജോര്‍ജ്ജ് എനിക്കിരിക്കാന്‍ കസേര നീട്ടി തന്നുകൊണ്ട് പറഞ്ഞു.

‘ഞങ്ങള്‍ കരുതി സാര്‍ പോയിരിക്കുമെന്ന്’

'ഇല്ല. ഞങ്ങള്‍ മുകുന്ദന്‍ സാറിന്‍റെ ബാങ്കില്‍ ഉണ്ടായിരുന്നു. കുറച്ചു നേരം അവിടെ നിന്നും സംസാരിച്ചു. തിരിച്ചു വരുമ്പോഴാണ് ഇതോര്‍മ്മ വന്നത്’

‘അതിന് ഇന്ന് ബാങ്ക് മുടക്കല്ലേ സാര്‍’

‘അതെ ബാങ്ക് മുടക്കമാണ്. ഞങ്ങള്‍ ബാങ്കിന് പുറത്ത് നിന്നാണ് സംസാരിച്ചിരുന്നത്. ആട്ടെ. ജോര്‍ജ്ജ് പോയിട്ടുണ്ടോ ഈ ബാങ്കിലേക്ക്’

എന്‍റെ വരവിന്‍റെ ഉദ്ദേശം ഞാന്‍ പതുക്കെ പുറത്തെടുത്തുകൊണ്ട് ചോദിച്ചു.

‘പിന്നേ.. എത്രയോ തവണ പോയിരിക്കുന്നു. ഈ വെള്ളിയാഴ്ച്ചകൂടി ഞാന്‍ പോയിരുന്നു’

‘അതെന്തിനാ’

എനിക്കവിടെ എക്കൗണ്ട് ഉണ്ട്. പൈസ ഡിപ്പോസിറ്റ് ചെയ്യാന്‍ പോയതാണ്’ 

‘ഓഹോ.. അപ്പോള്‍ ആള്‍ വലിയ പണക്കാരനാനല്ലേ.’ തമാശയോടെ ഞാന്‍ പറഞ്ഞു.

‘എന്ത് പണക്കാരന്‍ സാര്‍. ദാ. ഇത്രയേയുള്ളൂ.’ ഇതും പറഞ്ഞ് ബാങ്കിലെ പാസ് ബുക്ക്‌ ഒരു സ്റ്റാന്‍റിന്‍റെ മുകളില്‍ നിന്നും എനിക്കെടുത്തു നീട്ടി. അതൊന്നു നോക്കിയിട്ട് ഞാനത് തിരിച്ചു കൊടുത്തു. എന്നിട്ട് ഞാന്‍ അവരോടു യാത്ര പറഞ്ഞിറങ്ങി.

‘സാര്‍. അവിടെ കാര്‍ ഷെഡില്‍ ഇരിക്കുന്നുണ്ട്‌ സാറിനുള്ള പച്ചക്കറികള്‍. ഞാന്‍ അത് എടുത്തു തരാം’ 

പുറത്തേക്കിറങ്ങിയ എന്‍റെ കൂടെ ടെസ്സി വന്നെങ്കിലും ഞാന്‍ വിലക്കി.

‘വേണ്ട ഞാന്‍ പോയി എടുത്തോളാം. ടെസ്സി ജോര്‍ജ്ജിന് ഭക്ഷണം കൊടുത്തോളൂ’

അതും പറഞ്ഞ് ഞാന്‍ മുകുന്ദന്‍ സാറിന്‍റെ വീട്ടിലേക്കു പോയി..

“അതെന്താ എസ്കെ. അപ്പോള്‍ ജോര്‍ജ്ജിനോട്‌ കുറെ കാര്യങ്ങള്‍ ചോദിക്കണം എന്ന് പറഞ്ഞിട്ട്... ജോര്‍ജ്ജ് അല്ലേ ഇതിലെ പ്രധാന തെളിവ്?”

“ജോര്‍ജ്ജ് പ്രതിയായിട്ട് എന്താ കാര്യം ജാനി. ബാങ്കില്‍ കയറാന്‍ ശ്രമിച്ചത്‌ ജോര്‍ജ്ജ് തന്നെയാവാം. പക്ഷെ അതില്‍ ഒരു കാര്യവുമില്ല. കാരണം ഈ മോഷണ ശ്രമത്തിന് ഉടമസ്ഥനില്‍ നിന്നും ഒരു പരാതിയില്ല. ഒരു വസ്തു പോലും ബാങ്കില്‍ നിന്നും പോയിട്ടുമില്ല. സ്വമേധയാ കേസ്സെടുക്കാന്‍ ഞാന്‍ പോലീസോ കോടതിയോ ഒന്നുമല്ല. പൊതു സമൂഹത്തിന് പ്രയാസമുള്ള ഒന്നും ഇതില്‍ ഉണ്ടായിട്ടുമില്ല. ഇത് കൊണ്ടൊക്കെത്തന്നെയാ ഞാന്‍ അവിടെ നിന്നും ഇറങ്ങിയത്‌”

“എസ്കെ പറഞ്ഞത് ശരിയാണ്. എന്നാലും ഈ കേസില്‍ ആകെയുള്ള പിടിവള്ളിയല്ലേ അയാള്‍”

“അല്ല ജാനീ. എനിക്കിനി ജോര്‍ജ്ജിന്‍റെ ആവശ്യമില്ല. എന്‍റെ ലക്ഷ്യം ഇപ്പോള്‍ മറ്റൊന്നാണ്. മുകുന്ദന്‍ സാറിന്‍റെ വീട്ടിലെ മോഷണത്തിന്‍റെ പ്രതിയിലേക്കുള്ള എന്‍റെ ദൂരം ഇപ്പോള്‍ വളരെ ചെറുതാണ്. അപ്പോള്‍ പിന്നെ ജോര്‍ജ്ജിന്‍റെ പിന്നാലെ നടന്ന് സമയം കളയേണ്ടതില്ലല്ലോ.”

“അപ്പോള്‍ കള്ളനാര് എന്ന് എസ്കെക്ക് മനസ്സിലായോ?”

“ഊം.. മനസ്സിലായി പക്ഷേ അത് കള്ളനല്ല”

“പിന്നെ?”

“അത് കള്ളിയായിരുന്നു. മുകുന്ദന്‍ സാറിന്‍റെ വീട്ടിലേക്ക് എന്‍റെ കൂടെ വരാന്‍ നിന്ന ജോര്‍ജ്ജിന്‍റെ ഭാര്യ ടെസ്സിയോട്‌ കൂടെ വരേണ്ടതില്ല എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിയ ആ നിമിഷം മുതല്‍ എനിക്ക് ഈ കേസിലെ കള്ളിയെ കുറിച്ച് ഒരു ഐഡിയ കിട്ടിയിരുന്നു. ടെസ്സിയുടെ വീടും ശ്രീദേവി മാഡത്തിന്‍റെ വീടും തൊട്ടടുത്താണെന്നും ചെറുപ്പം മുതല്‍ അവര്‍ പരിചയമുണ്ടെന്ന് അറിയാവുന്നത് കൊണ്ടും ഒരു ചെറിയ അന്വേഷണം കൂടി നടത്തേണ്ടതുണ്ട്. ടെസ്സിയോട് സംസാരിക്കുന്നതിനേക്കാളും നല്ലത് ശ്രീദേവി മാഡത്തോടാണെന്ന് തോന്നിയത് കൊണ്ട് ഞാന്‍ നേരെ മുകുന്ദന്‍ സാറിന്‍റെ വീട്ടിലേക്ക് പോയി”

“അത് ശരി ! അപ്പോള്‍ ടെസ്സിയായിരുന്നോ ഇതിന്‍റെ പിന്നില്‍?”

“ധൃതി കൂട്ടല്ലേ ജാനീ, ഞാനിതൊന്നു പറഞ്ഞു തീര്‍ത്തോട്ടെ”

“സോറി എസ്കെ. സസ്പെന്‍സ് അടിച്ചപ്പോള്‍ ഒന്ന് പറഞ്ഞു പോയതാ. ബാക്കി പറയൂ”

“മറക്കാതെ ഞാന്‍ മനപ്പൂര്‍വം ‘മറന്ന’ പച്ചക്കറികള്‍ എടുക്കാനായി മുകുന്ദന്‍ സാറിന്‍റെ വീട്ടിലെത്തിയ ഞാന്‍ ശ്രീദേവി മാഡത്തോട് സംസാരിച്ച ഇരുപത് മിനുറ്റ് ആണ് ഇതിലെ ക്ലൈമാക്സ്. ആ സംസാരം കഴിഞ്ഞതും ഇതിലെ യഥാര്‍ത്ഥ പ്രതിയുടെ ചിത്രവും വെളിവായി. അതിനു മുമ്പ് ജാനിക്ക് ഞാനൊരു കഥ പറഞ്ഞു തരാം. എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ നടന്ന ഒരു പഴയ സംഭവം.”

“പഴയ സംഭവമോ?. അതെന്താ?”

“പണ്ട് ഞങ്ങളുടെ നാട്ടില്‍ ഒരു പലചരക്ക് കടയുണ്ടായിരുന്നു. വെള്ളയില്‍ ഹനീഫുക്കാടെ ഈ കടയുടെ പുറത്ത് മരം കൊണ്ട് നിര്‍മ്മിച്ച ഒരു വലിയ ഉപ്പുപെട്ടിയും ഉണ്ടായിരുന്നു. അന്നൊക്കെ ഇന്നത്തെ പോലെ പാക്കറ്റ് ഉപ്പ് ആയിരുന്നില്ല. പകരം കല്ല്‌ ഉപ്പ് ആയിരുന്നു അധികവും ഉപയോഗിച്ചിരുന്നത്. അതാകട്ടെ ആരും കടയുടെ ഉള്ളില്‍ വെയ്ക്കാറുമില്ല. വളരെ കുറഞ്ഞ പൈസയുള്ള ഈ കല്ലുപ്പ് പുറത്തെ പെട്ടിയിലാണ് സൂക്ഷിക്കാറുള്ളത്. രാത്രിയായാല്‍ ഈ പെട്ടിയുടെ പുറത്താണ് അവിടെയുള്ള ചേട്ടന്മാര്‍ ഒത്തു കൂടുന്നത്. വെള്ളയില്‍ ഹനീഫുക്കാടെ കടയോട് ചേര്‍ന്നാണ് ഹംസ മാഷിന്‍റെ വീട്. അത്ര വലിയ പ്രശ്നക്കാര്‍ അല്ലെങ്കിലും ഈ ചേട്ടന്മാര്‍ ഉപ്പു പെട്ടിയുടെ പുറത്തിരിക്കുന്നത് ഹംസ മാഷിന് തീരെ ഇഷ്ടമല്ലായിരുന്നു. പെണ്‍ മക്കള്‍ മാത്രമുള്ള അദ്ദേഹത്തിന് രാത്രിയിലുള്ള ഈ ചെറുപ്പക്കാരുടെ ഒത്തുകൂടല്‍ വളരെ പ്രയാസം സൃഷ്ടിച്ചു. എല്ലാവരും പരസ്പ്പരം അറിയുന്നവര്‍ ആയതുകൊണ്ടും പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടിലാത്തത് കൊണ്ടും ഹംസ മാഷിന് ഇത് നേരിട്ട് അവരോടോ ഹനീഫുക്കാടോ പറയാന്‍ ഒരു മടിയുണ്ടായിരുന്നു. എന്നാല്‍ ബുദ്ധിമാനായ ഹംസ മാഷ്‌ ഒരു തന്ത്രം പ്രയോഗിച്ചു. അദ്ദേഹം രാത്രിയില്‍ പോയി ആരും കാണാതെ ആ പെട്ടിയില്‍ നിന്നും കുറച്ച് ഉപ്പ് മോഷ്ടിച്ചു. അടുത്ത ദിവസവും അതിനടുത്ത ദിവസവും ഇതാവര്‍ത്തിച്ചു. കുറച്ചു ദിവസങ്ങള്‍ ഇങ്ങിനെയായപ്പോള്‍ കടക്കാരന്‍ ഹനീഫുക്കാക്ക് സംശയമുണ്ടായി. ആരോ തന്‍റെ ഉപ്പ് മോഷ്ടിക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയ ഹനീഫുക്ക പിന്നെ ആ ഉപ്പു പെട്ടി എടുത്ത് കടയ്ക്കുള്ളിലിട്ടു. അതോടെ ഉപ്പു മോഷണവും നിന്നു; ചേട്ടന്മാരുടെ രാത്രി താവളവും ഇല്ലാതായി.”

“ഈ കഥയും മുകുന്ദന്‍ സാറിന്‍റെ വീട്ടിലെ മോഷണവും തമ്മില്‍ എന്ത് ബന്ധം?”

“എന്‍റെ ജാനീ.. ഹംസ മാഷ്‌ ചെയ്തത് എന്താ? ഉപ്പു മോഷ്ടിക്കലായിരുന്നോ അദ്ദേഹത്തിന്‍റെ ലക്‌ഷ്യം. അല്ലല്ലോ. ചെറിയ രീതിയിലുള്ള മോഷണം നടത്തി കടക്കാരനില്‍ കൃത്രിമമായി ഒരു ഭീതി സൃഷ്ടിച്ചു. ആ ഭീതിയാല്‍ കടക്കാരന്‍ ഉപ്പു പെട്ടി മാറ്റുന്നു. ഹംസ മാഷിന്‍റെ ആഗ്രഹവും അത് തന്നെയായിരുന്നു. അതോടെ മാഷിന്‍റെ ഉദ്ദേശം നടന്നു. പ്രത്യക്ഷത്തില്‍ ഒരു സംഭവം ഉണ്ടാക്കുകയും അതില്‍ ആളുകളുടെ ശ്രദ്ധ പതിയുമ്പോള്‍ പരോക്ഷമായി മറ്റൊരു സംഭവം ഉണ്ടാക്കി തന്‍റെ ലക്ഷ്യപ്രാപ്തി കൈ വരിക്കുകയും ചെയ്യുന്നു. ഇതിന്‍റെ മറ്റൊരു കോപ്പിയാണ് ഇവിടെയും നടന്നിട്ടുള്ളത്. ബാങ്കില്‍ നടന്ന മോഷണ ശ്രമം ഇത്തരത്തിലുള്ള ഒരു കൃത്രിമ ഭീതി ഉണ്ടാക്കാനായിരുന്നു. അല്ലാതെ ബാങ്ക് കൊള്ള ചെയ്യാനായിരുന്നില്ല. മോഷണ ഭീതി ഉണ്ടായതും മുകുന്ദന്‍ സാര്‍ ഡോക്യുമെന്‍റ്സ് അവിടെ നിന്നും മാറ്റി. അത് തന്നെയായിരുന്നു തസ്ക്കര ലക്ഷ്യവും. ബാങ്കില്‍ നിന്നും അത് മാറ്റിയ അന്ന് തന്നെ അത് കളവു പോവുകയും ചെയ്തു. ഇനി പറയൂ. എന്‍റെ കഥയും ഇതും തമ്മില്‍ ബന്ധമില്ലേ.”

“വോ!!!!! സൂപ്പര്‍ !!!! എസ്കെ.. അബ്സല്യൂട്ടെലി പെര്‍ഫെക്റ്റ്. ശരിക്കും ഒരു ത്രില്ലര്‍ സിനിമയുടെ അനുഭൂതി. പക്ഷേ ഒരു സംശയമുള്ളത് ടെസ്സി ഈ ഡോക്യുമെന്‍റ്സ് എന്തിനാണ് മോഷ്ടിച്ചത് എന്നതാണ്”

“ടെസ്സി മോഷ്ടിച്ചു എന്ന് ഞാന്‍ എപ്പോഴാണ് ജാനിയോടു പറഞ്ഞത്?”

“കള്ളനല്ല കള്ളിയാണ് എന്ന് എസ്കെ പറഞ്ഞല്ലോ”

“അതെ. പറഞ്ഞു. പക്ഷെ അതെ ടെസ്സിയല്ല”

“പിന്നെ?”

“മുകുന്ദന്‍ സാറിന്‍റെ ഭാര്യ ശ്രീദേവി മാഡം” അത് കേട്ട് ഞാന്‍ ഞെട്ടി.

“എന്താ എസ്കെ ഈ പറയുന്നത്? ഒരാള്‍ സ്വന്തം ബാങ്കിലും വീട്ടിലും മോഷണം നടത്തുകയോ?"

“അതെ അത് തന്നെയാണ് സത്യം. ഈ കേസിന്‍റെ തുടക്കത്തിലേ എനിക്കൊരു സംശയം ഉണ്ടായിരുന്നു എന്ന് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുവോ? സ്വന്തം ഭാര്യയില്‍ നിന്നും മോഷണ വിവരം മറച്ചു വെയ്ക്കുന്നതിനെ കുറിച്ച്. മുകുന്ദന്‍ സാറിന്‍റെ പഴയ പ്രേമ ബന്ധമായി ബന്ധപ്പെട്ടതാവും എന്ന് ജാനിക്ക് തോന്നിയെങ്കിലും എനിക്കാ തോന്നല്‍ ഉണ്ടായിരുന്നില്ല. കാരണം തന്‍റെ പഴയ പ്രേമ ബന്ധമായിരുന്നെങ്കില്‍ ഒരിക്കലും അത് അദ്ദേഹം സൂക്ഷിച്ചു വെയ്ക്കില്ലല്ലോ നശിപ്പിച്ചു കളയുകയല്ലേ ചെയ്യുക എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഭാര്യയുടെ പഴയ ബന്ധമാണെങ്കിലോ, അതിന് സാദ്ധ്യത ഉണ്ട്‌താനും.

“അതൊരു സാധ്യതയാണോ എസ്കെ ?”

“അല്ല. ഞാന്‍ സമ്മതിക്കുന്നു. കൊച്ചിയില്‍ നിന്നുള്ള യാത്രയില്‍ വെച്ച് മുകുന്ദന്‍ സാര്‍ എന്നോട് കാര്യങ്ങള്‍ വിവരിച്ചു തുടങ്ങിയപ്പോള്‍ എനിക്ക് ഒരു തരത്തിലും അവരെ സംശയം തോന്നിയിരുന്നില്ല. പക്ഷേ ഞാന്‍ അവിടെ പോയതിന് ശേഷം എന്‍റെ ചിന്തകള്‍ക്ക് മാറ്റം വന്നു. പച്ചക്കറിത്തോട്ടം കാണാന്‍ പുറത്തിറങ്ങിയ എനിക്ക് അവിടെയെവിടെയും ഒരു അപരിചിതനായ കള്ളന്‍ സന്ദര്‍ശനം നടത്തിയതിന്‍റെ ഒരു തെളിവും കണ്ടെത്താനായില്ല. പുറത്തു നിന്ന് വന്ന ഒരു കള്ളനേക്കാള്‍ സാദ്ധ്യത അകത്ത് നിന്നുള്ള ഒരു കള്ളനാവാം എന്നെനിക്ക് അപ്പോഴേ തോന്നി. അതിനാല്‍ പിന്നീട് ഞാന്‍ മുകുന്ദന്‍ സാറിനോട് വീട്ടു ജോലിക്കാരെകുറിച്ചെല്ലാം ചോദിച്ചു. സേഫ് കുത്തി തുറന്നിട്ടില്ല. മറ്റു യാതൊരു പ്രശനവും ഉണ്ടായിട്ടില്ല. താക്കോല്‍ ഇട്ടാണ് തുറന്നത്. രണ്ട് താക്കോലില്‍ ഒന്ന് ശ്രീദേവി മാഡത്തിന്‍റെ കയ്യിലാണുള്ളത്. ടെസ്സിയും ശ്രീദേവിയും പഴയ അയല്‍ക്കാരും നല്ല ബന്ധമുള്ളവരും ആണ്. ഇതെല്ലാമായിരുന്നു ഒരു അനുമാനത്തിലെത്താനുള്ള എന്‍റെ ആദ്യത്തെ ഊഹങ്ങള്‍. ബാങ്കില്‍ കണ്ട മോഷണശ്രമം ഒരു കള്ളന്‍ ചെയ്തതായി എനിക്ക് തോന്നിയില്ല. മുകളിലെ താഴ് അറുക്കാന്‍ ശ്രമിച്ചത്‌ വെറുമൊരു ഹാക്ക്സോ ബ്ലേഡ് കൊണ്ടാണ്. അറുത്തത്തിന്‍റെ പാടുകള്‍ എല്ലാംവളഞ്ഞും തിരിഞ്ഞുമാണ് ഉള്ളത്. ദുര്‍ബലമായ വരകളും കുറികളും. ശക്തമായി താഴ്ന്നിട്ടുള്ള ഒരു വരപോലും ഞാന്‍ കണ്ടില്ല. ഒരു പിടിയോ ഫ്രൈമോ ഇല്ലാത്ത ബ്ലേഡ് കൊണ്ടായിരിക്കും അറുത്തിട്ടുണ്ടാവുക. 12 ഇഞ്ചിന്‍റെ വെറുമൊരു  ഹാക്ക്സോ ബ്ലേഡ് കൊണ്ട് യൂണിയന്‍ കമ്പനിയുടെ മുന്തിയ ഇനം താഴ് അറുക്കാന്‍ നോക്കിയത് ഒന്നുകില്‍ ഒരു മണ്ടനായ കള്ളന്‍ അല്ലെങ്കില്‍ ഒരു മോഷണ ശ്രമം ഉണ്ടായി എന്ന് വരുത്തിത്തീര്‍ക്കാന്‍. കയര്‍ ഉപയോഗിച്ച് കയറിയത് ജോര്‍ജ്ജാകാം എന്ന് എനിക്ക് തോന്നിയപ്പോഴാണ് ഹംസ മാഷിന്‍റെ പഴയ കഥ എനിക്കോര്‍മ്മ വന്നത്. ജോര്‍ജ്ജിന്‍റെ വീട്ടിലെത്തി ബാങ്കിലെ പാസ്ബുക്ക് ഞാന്‍ കണ്ടതും എന്‍റെ സംശയം കൂടി.”

“പാസ്ബുക്കില്‍ എന്താണ് ഉണ്ടായിരുന്നത്?”

“ജോര്‍ജ്ജ് ഈ മാസമടക്കം എല്ലാ മാസത്തിന്‍റെ ആദ്യത്തിലും 500 രൂപ വീതം നിക്ഷേപിച്ചതായി ഞാന്‍ കണ്ടു. എന്നാല്‍ ഈ മാസത്തിന്‍റെ പകുതിയായ മിനിഞ്ഞാന്ന് വെള്ളിയാഴ്ച്ച 3000 രൂപയും നിക്ഷേപിച്ചിട്ടുണ്ട്‌. പതിവില്‍ നിന്നും വിപരീതമായി ജോര്‍ജ്ജിന് മൂവായിരം രൂപ കിട്ടി എന്ന് മനസ്സിലായി. മുകുന്ദന്‍ സാറിന്‍റെ ഡോക്യുമെന്‍റ്സിനോടൊപ്പം 3200 രൂപയും ഒരു വാച്ചും പോയിട്ടുണ്ടല്ലോ. ജോര്‍ജ്ജ് ആണ് അത് മോഷ്ടിച്ചതെങ്കില്‍ അതില്‍ നിന്നും പണം ബാങ്കില്‍ നിക്ഷേപിക്കില്ല. അതും അവരുടെ തന്നെ ബാങ്കില്‍ ഒരിക്കലും ചെയ്യില്ല. എന്നാല്‍ ജോര്‍ജ്ജിന് ആരെങ്കിലും കൊടുത്തതാണെങ്കില്‍ പ്രശനമില്ലല്ലോ. അപ്പോള്‍ അതിനുള്ള സാദ്ധ്യത ശ്രീദേവി മാഡത്തില്‍ തന്നെ എത്തി നിന്നു. എന്താ ജാനിക്കെന്തോ ഒരു വിശ്വാസക്കുറവ് പോലെ?”

“വിശ്വാസക്കുറവൊന്നുമില്ല എസ്കെ. പക്ഷെ ഇത് ശ്രീദേവി മാഡം സമ്മതിച്ചു തരുമോ? അവര്‍ ഇതെല്ലാം നിഷേധിച്ചാല്‍..?”

“നിഷേധിച്ചാല്‍ ശക്തമായി സമര്‍ത്ഥിക്കാന്‍ എന്‍റെ കയ്യില്‍ തെളിവുകളില്ല എന്നത് സത്യമാണ്. പക്ഷെ ആദ്യം എന്നെ കണ്ടതും അവര്‍ ചോദിച്ചത് ജോര്‍ജ്ജിനെ കുറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം എങ്ങിനെ അറിഞ്ഞു എന്നാണ്? കന്യാകുമാരി ശൈലിയും കയറിന്‍റെ കെട്ടുന്ന രീതിയും തുടങ്ങി എല്ലാം ഞാന്‍ വിശദമായി പറഞ്ഞു. അവര്‍ അത്ഭുതപ്പെടുന്നത് കണ്ട് എനിക്ക് സന്തോഷമായി. കാരണം അത് അവരില്‍ എന്നെക്കുറിച്ച് ഒരു മതിപ്പ് ഉണ്ടാക്കും. അങ്ങിനെ വന്നാല്‍ പിന്നെ ഞാന്‍ കണ്ടെത്തിയ അനുമാനങ്ങള്‍ എല്ലാം പറഞ്ഞാലും, അത് സത്യമാണെങ്കില്‍ അവര്‍ക്ക് നിഷേധിക്കാന്‍ കഴിയില്ല. തുടര്‍ന്ന്, ബാങ്കില്‍ കയറിയത് ജോര്‍ജ്ജാണെന്ന് ഞാന്‍ മനസ്സിലാക്കിയതും പാസ്സ് ബുക്കില്‍ കണ്ട കാര്യങ്ങളും അവരോടു പറഞ്ഞപ്പോള്‍ എന്‍റെ ഊഹങ്ങളുടെ പൂര്‍ണ്ണത ഞാന്‍ അവരുടെ മുഖത്ത് നിന്നും വായിച്ചെടുത്തു. അവര്‍ക്ക് സംസാരിക്കാന്‍ ഇട നല്‍കാതെ ഞാന്‍ എന്‍റെ കുട്ടിക്കാലത്ത് നടന്ന ഹംസ മാഷിന്‍റെ കഥയും പറഞ്ഞിട്ട് ഇപ്പോഴത്തെ ഈ സംഭവങ്ങളുമായി അതിനെ ബന്ധിപ്പിച്ചപ്പോള്‍ അവര്‍ക്ക് പിന്നെ കരയുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.”

“അപ്പോള്‍ അവര്‍ കുറ്റം സമ്മതിച്ചോ?”

“സമ്മതിക്കാതിരിക്കാന്‍ അവര്‍ക്ക് നിവൃത്തിയില്ല ജാനീ. പണ്ടുള്ള ഒരു പ്രണയ ബന്ധത്തിന്‍റെ കഥയും എനിക്ക് അവര്‍ വിവരിച്ചു തന്നു. ആ പ്രണയ ബന്ധത്തിലെ ചില ഫോട്ടോകള്‍ മുകുന്ദന്‍ സാറിന് കിട്ടിയിരുന്നു. എന്നാല്‍ അദ്ദേഹം ഈ ഫോട്ടോസ് വെച്ച് പലപ്പോഴും ശ്രീദേവി മാഡത്തെ മുതലെടുക്കാറുണ്ടായിരുന്നു. ധനാഢ്യരും കുലീനവുമായ മാഡത്തിന്‍റെ കുടുംബത്തിന് ഇതൊന്നും താങ്ങാന്‍ കഴിയില്ല എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഈ ഫോട്ടോകള്‍ കാണിച്ച് മാഡത്തെ ഭയപ്പെടുത്തിയിട്ട് മാഡത്തിന്‍റെ അച്ഛനെക്കൊണ്ട് പല കാര്യങ്ങളും ചെയ്യിപ്പിക്കാന്‍ മുകുന്ദന്‍ സാറിന് കഴിഞ്ഞു. ഈ ബാങ്ക് പോലും അദ്ദേഹം സ്വന്തമാക്കിയത് അങ്ങിനെയാണ്. ഈ ഫോട്ടോകളും അതിന്‍റെ നെഗറ്റീവും അടങ്ങിയതാണ്  ഡോക്യുമെന്‍റ്സ് എന്ന് അദ്ദേഹം പറഞ്ഞിരുന്നത്. ഇത് വെച്ചുകൊണ്ടുള്ള വിലപേശല്‍ അവസാനിപ്പിക്കാനാണ് ശ്രീദേവി മാഡം വളരെ ബുദ്ധിപൂര്‍വ്വമായി കളിച്ചത്. തന്‍റെ ഭാവി ഭദ്രമാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് അവര്‍ ഇങ്ങിനെയൊരു ബൗദ്ധിക കസര്‍ത്ത് നടത്തിയത്. തന്‍റെ പഴയ കാര്യങ്ങള്‍ എല്ലാം അറിയുന്ന കളിക്കൂട്ടുകാരി കൂടിയായ ടെസ്സി മുഖാന്തിരം ജോര്‍ജ്ജിനെ കൊണ്ട് ബാങ്കില്‍ ഒരു മോഷണശ്രമം നടത്തിച്ചു. ഇതൊന്നുമറിയാത്ത മുകുന്ദന്‍ സാര്‍ ആ ഫോട്ടോകള്‍ എല്ലാം തന്നെ ലോക്കറില്‍ നിന്നും എടുത്ത് വീട്ടിലേക്ക് കൊണ്ട് വന്നു. ഒട്ടും സമയം കളയാതെ ശ്രീദേവി മാഡം അതവിടെ നിന്നും മാറ്റി നശിപ്പിച്ചു കളയുന്നു. ഒപ്പം മോഷണത്തിന് വിശ്വാസ്യത വരുത്താന്‍ അവിടെ നിന്നും വാച്ചും ഒപ്പമുണ്ടായിരുന്ന 3200 രൂപയും കൂടി എടുക്കുന്നു. പിന്നീട് ഈ പണം ജോര്‍ജ്ജിന് സമ്മാനമായി നല്‍കുന്നു. ബാങ്കിലെ മോഷണ ശ്രമമല്ലാതെ വീട്ടിലെ യഥാര്‍ത്ഥ മോഷണം ടെസ്സിക്കോ ജോര്‍ജ്ജിനോ അറിയില്ല. താന്‍ വീടിലേക്ക്‌ കൊണ്ട് വന്നത് തന്‍റെ ഭാര്യ പോലും അറിഞ്ഞിട്ടില്ലായെന്നും അതിനാല്‍ ശ്രീദേവി എടുക്കാന്‍ സാധ്യതയില്ലാ എന്നും അങ്ങിനെയെങ്കില്‍ ഏതെങ്കിലും കള്ളന്‍ അത് കൊണ്ട് പോയിട്ടുണ്ടാവും എന്നും മുകുന്ദന്‍ സാറും വിചാരിച്ചു. ആ കാലമായതിനാല്‍ നെഗറ്റീവ് ഇല്ലാതെ ഫോട്ടോയുടെ മറ്റൊരു പ്രിന്‍റ് എടുക്കുവാനും സാധ്യമല്ല. തന്‍റെ ഭാര്യയുടെ കാമുകനൊപ്പമുള്ള ഫോട്ടോ മറ്റാരെങ്കിലും കാണുമോ എന്നുള്ള ഭയത്താല്‍ മുകുന്ദന്‍ സാറും ആ ഫോട്ടോ ഈ ലോകത്ത് ഇനി മറ്റാരും കാണില്ല എന്ന ആശ്വാസത്താല്‍ ശ്രീദേവി മാഡവും പിന്നീടുള്ള കാലം കഴിച്ചു.”

“എസ്കെ പിന്നെ ഈ വിവരം മറ്റാരോടും പറഞ്ഞില്ലേ?”

“ഇല്ല. ഞാന്‍ ശ്രീദേവി മാഡത്തിന് വാക്ക് കൊടുത്തിരുന്നു. ഇത് മറ്റാരും അറിയില്ല എന്ന്. അതുകൊണ്ടോക്കെയാണല്ലോ കഴിഞ്ഞു പോയ എല്ലാ കാര്യങ്ങളും അവര്‍ എന്നോട് തുറന്നു പറഞ്ഞത്. ഇവിടെ സംഭവം ആര്‍ക്കും അറിയില്ല. ബാങ്കില്‍ കയറിയത് ജോര്‍ജ്ജ് ആണെന്ന് ഞാന്‍ മനസ്സിലാക്കിയത് ജോര്‍ജ്ജിനും വീട്ടിലെ മോഷണം നടത്തിയത് ശ്രീദേവി മാഡമാണെന്ന് ഞാന്‍ കണ്ടു പിടിച്ചത് മുകുന്ദന്‍ സാറിനും അറിയില്ല. ഒന്നും കണ്ടു പിടിക്കാന്‍ കഴിയാതെ പരാജിതനായി ഞാന്‍ കൊച്ചിയിലേക്ക് തിരിച്ചു പോയിട്ടുണ്ടാവും എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവും.”

“പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു കേസ് ആണ് എസ്കെ ഇത്. ഇങ്ങിനെയൊരു സംഭവം ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്.”

“അത്ര വ്യത്യസ്തം എന്ന് പറയാന്‍ കഴിയില്ല ജാനീ. കാരണം ഒരു സംഭവം കൃത്രിമമായി സൃഷ്ടിച്ച് അതിലേക്ക് എല്ലാവരുടേയും ശ്രദ്ധ വരുമ്പോള്‍ താന്‍ ഉദ്ദേശിക്കുന്ന മറ്റൊരു കാര്യം വളരെ ലാഘവത്തോടെ ചെയ്തു തീര്‍ക്കുകയും ചെയ്യുന്ന ഒരു പാട് വിരുതന്മാര്‍ നമ്മുടെ നാട്ടിലുണ്ട്. വളരെ ബുദ്ധിപൂര്‍വ്വം എന്ന് നമ്മള്‍ വിചാരിക്കുമ്പോഴും അതില്‍ അങ്ങേയറ്റം ക്രൂരതയും ഉണ്ടാകും. ഉദാഹരണത്തിന് ഒരാള്‍ ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്നു. പക്ഷേ നേര്‍ക്ക്‌നേരെ പോയി അയാളെ കൊല്ലാതെ   അയാള്‍ മാര്‍ക്കറ്റിലോ ബസ് സ്റ്റാന്‍റിലോ ഒരുപാട് ആളുകളുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ ഒരു ബോംബ്‌ എറിഞ്ഞ് അയാളെ കൊല്ലുന്നു. കുറെ ആളുകള്‍ അതില്‍ മരണപ്പെടുമ്പോള്‍ അതൊരു കൂട്ടക്കൊലയായി. അതിന്‍റെ ഉദ്ദേശം അറിയാതെ പോലീസ് പെടാപ്പാട് പെടും. അവസാനം അത് വല്ല തീവ്രവാദി ആക്രമണമായോ മറ്റോ വിലയിരുത്തപ്പെടും. ഇവിടെ കുറ്റവാളി രക്ഷപ്പെടുന്നു. തന്‍റെ ഉദ്ദേശത്തിനു വേണ്ടി ഒരുപാട് ആളുകളുടെ ജീവന്‍ പോയത് അയാള്‍ക്ക്‌ ഒരു പ്രശ്നമേ ആവില്ല. ഇതിനെ ബുദ്ധിയെന്ന് പറയാമോ. ജാനി സിനിമയിലും കഥയിലുമെല്ലാം കണ്ടിട്ടില്ലേ. ഒരു പ്രാദേശിക രാഷ്ട്രീയക്കാരനെ കൊല്ലാന്‍ വേണ്ടി മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദി തെരഞ്ഞെടുക്കുന്നത്. കൂട്ടക്കൊലയില്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നെ എല്ലാവരുടെയും ശ്രദ്ധ അദ്ദേഹത്തിലായിരിക്കും. മുഖ്യമന്ത്രിയെ കൊല്ലാനുള്ള കാരണം അന്വേഷിച്ച് ചാനല്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കൊല്ലപ്പെട്ട ആ പ്രാദേശിക നേതാവിന്‍റെ മരണത്തില്‍ ആര്‍ക്കും സംശയം തോന്നില്ല. മുഖ്യമന്ത്രിയുടെ കൂടെ കൊല്ലപ്പെട്ടു എന്നേ കരുതൂ. ഇവിടെയും ക്രൂരനായ കൊലയാളിയുടെ ബുദ്ധിയെ അല്ലല്ലോ നമ്മള്‍ വാഴ്ത്തേണ്ടത്.”

“ജനങ്ങള്‍ എന്തെല്ലാം തരത്തിലാണ് ചിന്തിക്കുന്നത് അല്ലേ. എന്ത് സംഭവിച്ചാലും വേണ്ടില്ല തന്‍റെ ഉദ്ദേശം നടന്നാല്‍ മതിയല്ലോ. എസ്കെ പിന്നെ ഈ കേസിന് ശേഷം മുകുന്ദന്‍ സാറിനെ കണ്ടില്ലേ?”

“കണ്ടിരുന്നു. പിറ്റേന്ന് തന്നെ കൊച്ചിയിലേക്ക് വന്നു. മുരളി കേള്‍ക്കെ തന്നെ എന്നെ അദ്ദേഹം ആശ്വസിപ്പിച്ചു. വിഷമിക്കേണ്ടതില്ലായെന്നും കുറ്റാന്വേഷണം എന്‍റെ മേഖലയല്ല എന്ന് കരുതിയാല്‍ മതി എന്നും ചെയ്യുന്ന ജോലിയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എല്ലാം പറഞ്ഞു.”

“ഞാന്‍ ഒന്നും പറഞ്ഞില്ല. വെറുതെ ചിരിച്ചു. മുരളിയും എന്നെ സഹതാപത്തോടെ നോക്കുന്നുണ്ട്. യമഹ ബൈക്ക് വാങ്ങാനുള്ള പൈസ കയ്യില്‍ വന്നതാണെങ്കിലും എന്തോ എന്‍റെ മനസ്സ് അനുവദിച്ചില്ല. അതിനാല്‍ അവരോടൊന്നും ഞാനീ രഹസ്യം പറഞ്ഞില്ല. എല്ലാവരുടെ മുമ്പിലും ഞാന്‍ തോറ്റവനായി. കുറച്ചു കാലം അല്‍പ്പം നാണക്കേട് ഉണ്ടായി എന്ന് മാത്രം”

“ശ്രീദേവി മാഡത്തെ പിന്നെ കണ്ടിരുന്നോ?”

“ഇല്ല. പിന്നെയൊരിക്കലും ഞാനവരെ കണ്ടിട്ടില്ല. പക്ഷെ അവിടെ നിന്നും തിരിച്ചു പോരുന്ന സമയത്ത് അവര്‍ പറഞ്ഞ ചില വാക്കുകളാണ് നീയിന്ന് പെരുപ്പിച്ചു പറയുന്ന എസ്കെയുടെ ജനനത്തിന് ആധാരം. കയ്യിലെ മോതിരത്തില്‍ പിടിച്ചു കൊണ്ട് അവര്‍ പറഞ്ഞത് ഇന്നും എന്‍റെ കാതില്‍ കേള്‍ക്കുന്നു.”

‘എനിക്ക് താങ്കളെ അറിയില്ല. പക്ഷേ അല്ലന്‍ പോയും അഗതാ ക്രിസ്റ്റിയും കോനന്‍ ഡോയലുമെല്ലാം നമുക്ക് സമര്‍പ്പിച്ച കഥാപാത്രങ്ങളെപ്പോലെ ദൈവം നേരിട്ട് തന്ന ഒരു ജീവിതപാത്രമാണ് താങ്കള്‍. അതിനാല്‍ ഈ നിരീക്ഷണ സ്വഭാവവും ബുദ്ധികൂര്‍മ്മതയും കൊണ്ട് താങ്കള്‍ ജീവിതമാര്‍ഗ്ഗം കണ്ടെത്തിക്കോളൂ. താങ്കള്‍ ഇതില്‍ ശോഭിക്കും. നാളെ ലോകം അറിയുന്ന ചരിത്ര പുരുഷനായി താങ്കള്‍ മാറും’

“അവരുടെ പഴയ പ്രേമ രഹസ്യം മറ്റാരോടും പറയാതിരിക്കാന്‍ എന്നെ കുറെ പൊക്കി പറഞ്ഞെങ്കിലും കുറ്റാന്വേഷണത്തെ കുറച്ചു സീരിയസ്സായി സമീപിക്കുന്നത് ഞാന്‍ അതിന് ശേഷമാണ് ജാനീ. ബുദ്ധിമതിയും വളരെയധികം വായനാശീലവുമുള്ള ആ യുവതിയുടെ വാക്കുകള്‍, അത് എന്നെ പ്രശംസിച്ചിട്ടാണെങ്കിലും എന്നില്‍ സ്വാധീനം ചെലുത്തി.”

“വളരെ മനോഹരമായിരിക്കുന്നു എസ്കെ. പുറമേ നിന്ന് നോക്കുമ്പോള്‍  എസ്കെയുടെ ഏറ്റവും ആദ്യത്തെ കേസ് പരാജയമായി. പക്ഷേ. അതൊരു വലിയ വിജയമായി എന്ന് പലര്‍ക്കും അറിയില്ലല്ലോ. ഇന്നാണ് എസ്കെ ഈ കേസ് അന്വേഷിക്കുന്നതെങ്കില്‍ ഇതിലെ രഹസ്യങ്ങള്‍ ഇത് പോലെ കണ്ടു പിടിക്കാന്‍ കഴിയുമോ?”

“അത് പറയാന്‍ കഴിയില്ല. ഇതിലെ സംഭവങ്ങളും രീതികളും എല്ലാം വ്യത്യാസപ്പെട്ടിരിക്കും. അന്ന് എനിക്ക് പല വീഴ്ച്ചകളും പറ്റിയിട്ടുണ്ട്. ഇന്നാണെങ്കില്‍ ഒരു പക്ഷെ അതുണ്ടാകുമായിരിക്കുകയില്ല.”

“വീഴ്ച്ചകളോ? എന്തെല്ലാമാണത്?"

“അല്ല. അങ്ങിനെയല്ല. അന്വേഷണ രീതി വ്യത്യാസപ്പെടുമായിരിക്കും. മുകുന്ദന്‍ സാറിനോട് ഞാന്‍ ചോദിച്ചറിഞ്ഞ കാര്യങ്ങള്‍ അവരുടെ വീട്ടില്‍ നിന്നും വരുമ്പോഴാണ് ഞാന്‍ ചോദിച്ചത്. എന്നാല്‍ അതെല്ലാം അവിടേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ചോദിക്കേണ്ടിയിരുന്നു. എങ്കില്‍ കുറെ കൂടി മുമ്പേ ചിത്രം തെളിയുമായിരുന്നു. പിന്നെ 3200 രൂപ മോഷണം പോയി എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നുകൂടി ശ്രദ്ധിക്കണമായിരുന്നു. 1800 രൂപ അതില്‍ നിന്നും എടുത്തു എന്ന് പറയുമ്പോള്‍ അത് 100 രൂപയുടെ ഒരു അയ്യായിരത്തിന്‍റെ കെട്ട് ആയിരിക്കും. അപ്പോള്‍ ആ 32 നോട്ടുകളില്‍ നിന്ന് രണ്ടെണ്ണം മാറ്റിയിട്ടാണ് ജോര്‍ജ്ജ് ബാക്കി 3000 രൂപ ബാങ്കില്‍ ഇട്ടത്. ഈ ചിന്ത മുമ്പ് വന്നിരുന്നെങ്കില്‍ എനിക്ക് ജോര്‍ജ്ജിനെ ചോദ്യം ചെയ്യാന്‍ എളുപ്പമായിരുന്നു. ഇതിനെല്ലാം കാരണം മുകുന്ദന്‍ സാറിനോടുള്ള എന്‍റെ ചോദ്യം ചോദിക്കല്‍ അനവസരത്തില്‍ ആയിപ്പോയി എന്നത് കൊണ്ടാണ്. പിന്നെ ചുവപ്പും വെളുപ്പും നിറങ്ങളുള്ള ആ ഷോപ്പിംഗ് കവര്‍. അത് തൃശ്ശൂര്‍ മാന്‍ഷയറിന്‍റെയാണോ കൊടുങ്ങല്ലൂര്‍ ശോഭയുടെയാണോ എന്നൊന്നും ഞാന്‍ ആലോചിച്ചില്ല. അങ്ങിനെ വന്നിരുന്നെങ്കില്‍ നഷ്ടപെട്ട മുതല്‍ വീണ്ടെടുക്കാന്‍ അത് സഹായിക്കും. അത് പോലെ നഷ്ടപെട്ട വാച്ച്. അത് എവിടെപ്പോയി?. ശ്രീദേവി മാഡം അതാര്‍ക്ക് കൊടുത്തു? ഫോട്ടോകളും മറ്റും എങ്ങിനെ നശിപ്പിച്ചു? ഇക്കാര്യങ്ങള്‍ ഒന്നും അന്ന് എന്‍റെ തലയില്‍ വന്നില്ല. ഇന്നായിരുന്നെങ്കില്‍ ഞാന്‍ അതൊന്നും വിട്ടു കളയില്ലായിരുന്നു. അന്നത്തെ പ്രായവും അനുഭവത്തിന്‍റെ അഭാവവുമാണത്.”

എസ്കെ എത്ര സുന്ദരമായാണ് സ്വയം വിലയിരുത്തുന്നത്. തന്‍റെ പോരായ്മകള്‍ കണ്ടെത്തി അത് പരിഹരിക്കാന്‍ പറ്റുന്നത് എത്ര വലിയ കാര്യമാണ്. എന്‍റെ എസ്കെയെ പോലെ ഉല്‍കൃഷ്ടരായവര്‍ക്കേ അതിന് സാദ്ധ്യമാവുകയുള്ളൂ. നീണ്ട കഥ പറയല്‍ അവസാനിപ്പിച്ചു അദ്ദേഹം പതുക്കെ മുറ്റത്തേക്ക് ഇറങ്ങി. രാവിലെതന്നെ പുറത്തിറങ്ങുന്നത് അല്‍പ്പം ശമനം ഉണ്ടായ പനിയെ തിരിച്ചു കൊണ്ട് വരുമോ എന്ന് ഭയന്നു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ അദ്ദേഹം തന്‍റെ പ്രിയപ്പെട്ട മഹാഗണിയുടെ പരിചരണം ഏറ്റെടുത്തിരുന്നു.